ഐഎസ്ആര്‍ഒ ചാരക്കേസ്: നാള്‍വഴികള്‍

ന്യൂഡല്‍ഹി: കേരള ചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഏടുകളിലൊന്നാണ് ഐഎസ്ആര്‍ഒ ചാരക്കേസ്. മാലി സ്വദേശിനിയായ മറിയം റഷീദ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യ പാകിസ്താന് കടത്താന്‍ ചാരപ്പണി ചെയ്‌തെന്നായിരുന്നു പോലിസ് ആരോപണം. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരെ ഇതിനായി വശത്താക്കി. ഇതനുസരിച്ച് ഇന്ത്യന്‍ ഔദ്യോഗിക നിയമത്തിന്റെ 3, 4, 5 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 1991 ജനുവരി 18ാം തിയ്യതിയാണ് ഐഎസ്ആര്‍ഒയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ ഗ്ലാവ്‌കോസ്‌മോസുമായി കരാര്‍ നിലവില്‍ വരുന്നത്. കരാര്‍ റദ്ദാക്കാന്‍ അമേരിക്ക റഷ്യയുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
1994 ഒക്ടോബര്‍ 14ന് തിരുവനന്തപുരത്തെ പോലിസ് കമ്മീഷണര്‍ ഓഫിസില്‍ തന്റെ വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് എത്തിയ മറിയം റഷീദയെ ഒരു സാധാരണ കേസില്‍ അറസ്റ്റ് ചെയ്യുന്നു. ഇതിനിടയില്‍ മറിയം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ശാസ്ത്രജ്ഞനായ ശശികുമാറിന്റെ വീട്ടിലേക്ക് ഫോണ്‍കോള്‍ പോയി എന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ ശശികുമാറിനെ അറസ്റ്റ് ചെയ്യുന്നു എന്നും പറഞ്ഞാണ് കേസ് തുടങ്ങുന്നത്. തുടര്‍ന്ന് മറിയത്തെ കൊണ്ടുവന്ന സുഹൃത്ത് മാലിക്കാരി ഫൗസിയ ഹസന്‍, നമ്പി നാരായണന്‍, റഷ്യന്‍ കമ്പനിയായ ഗ്ലാവ്‌കോസ്‌മോസിന്റെ ലെയ്‌സണ്‍ ഏജന്റ് കെ ചന്ദ്രശേഖരന്‍, സുഹൃത്ത് ശര്‍മ- അങ്ങനെ ഒരു നിര തന്നെ കേരള പോലിസിന്റെ അനധികൃത അറസ്റ്റിനിരകളായി.
1994 നവംബര്‍ 30നാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുന്നത്. 1994 ഡിസംബര്‍ 3ന് കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. 1996ല്‍ ചാരക്കേസ് വ്യാജമാണെന്ന കണ്ടെത്തലോടെ സിബിഐ അന്തിമ റിപോര്‍ട്ട് ഫയല്‍ ചെയ്തു. എന്നാല്‍, നായനാര്‍ സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് സിബിഐ അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന പോലിസ് അന്വേഷിക്കുന്നത്. ഇതേ വര്‍ഷം തന്നെ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതിനെതിരേ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, വിധി എതിരായിരുന്നു. പിന്നീട് ഇതിനെതിരേ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍, രൂക്ഷവിമര്‍ശനത്തോടെ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. പ്രതിസ്ഥാനത്ത് നിര്‍ത്തിയവര്‍ക്ക് ഒരു ലക്ഷം രൂപ കൊടുക്കാനും നിര്‍ദേശിച്ചു. 1997-98ല്‍ സിബിഐ റിപോര്‍ട്ടില്‍ സിബി മാത്യൂസ്, കെ കെ ജോഷ്വ, വിജയന്‍ തുടങ്ങി അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ അക്കമിട്ടുനിരത്തിയിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി പാടില്ലെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തു. 2001ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. 2011ല്‍ സിബിഐ റിപോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. 2012ല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
2012ല്‍ വീണ്ടും നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം കൊടുക്കാനുള്ള ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹരജിയും ഹൈക്കോടതി തള്ളി. 2018ല്‍ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഒടുവില്‍, കാല്‍നൂറ്റാണ്ടത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കേ സ് അന്വേഷിച്ചവര്‍ക്കെതിരേ അന്വേഷണം നടത്താനും സുപ്രിംകോടതി ഉത്തരവിട്ടു.

RELATED STORIES

Share it
Top