ഐഎസില്‍ ചേര്‍ന്ന നാലു മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം

തിരുവനന്തപുരം/പടന്ന: കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാനായി അഫ്ഗാനിസ്താനിലേക്ക് പോയെന്നു കരുതുന്ന നാലു മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം. കാസര്‍കോട് പടന്നയിലെ പി കെ ഷിഹാസ് റഹ്മാന്‍ (30), ഭാര്യ മംഗളൂരു ഉള്ളാളിലെ അജ്മല (24), ഇവരുടെ ഒന്നരവയസ്സുള്ള കുട്ടി, തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ മുഹമ്മദ് മന്‍സാദ് (28) എന്നിവര്‍ ഒരുമാസം മുമ്പുണ്ടായ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്ഥിരീകരിച്ചു.
ഈ വിവരം എന്‍ഐഎയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് അനൗദ്യോഗികമായി ലഭിച്ചിരുന്നതായി പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നേരത്തേ ഈ സംഘത്തില്‍പ്പെട്ട പടന്നയിലെ ഹഫീസുദ്ദീന്‍ (28), സാജിദ് (27), തൃക്കരിപ്പൂരിലെ കെ വി പി മര്‍വാന്‍ (25),  പാലക്കാട്ടെ യഹിയ എന്നിവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.
ഇന്റര്‍പോളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് നാലു മലയാളികളുടെ മരണവിവരം എന്‍ഐഎ സ്ഥിരീകരിച്ചത്. അഫ്ഗാനിസ്താനിലെ നംഗര്‍ഹാറിലുള്ള ക്യാംപില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഷിഹാസിനെയും ഭാര്യ അജ്മലയെയും കാണാതാവുന്ന സമയത്ത് ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. പിന്നീട് അജ്മല പ്രസവിച്ച വിവരം ബന്ധുക്കള്‍ക്കു ലഭിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്ത വന്നതല്ലാതെ മറ്റു വിവരങ്ങളൊന്നുമില്ലെന്ന് ഷിഹാസിന്റെ മാതാവ് അറിയിച്ചു. ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയായ ഷിഹാസ് അപ്രത്യക്ഷനാവും മുമ്പ് ഒരു സ്‌കൂളില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ മന്‍സാദ് സമീപപ്രദേശമായ പയ്യന്നൂരിലെ കംപ്യൂട്ടര്‍ സെന്ററുകളില്‍ ജോലി ചെയ്തുവരുകയായിരുന്നു.
അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ 21 പേരാണ് 2016 മെയ് 25 മുതല്‍ ജൂണ്‍ 26 വരെയുള്ള കാലയളവില്‍ ശ്രീലങ്കയിലേക്ക് വ്യാപാരത്തിനെന്നു പറഞ്ഞ് നാടു വിട്ടത്. 2017 ഡിസംബര്‍ 14നാണ് ഐഎസില്‍ ചേര്‍ന്നുവെന്ന് ബന്ധുക്കള്‍ക്ക് ടെലിഗ്രാം മെസഞ്ചര്‍ വഴി സന്ദേശം ലഭിച്ചത്. ഇവരെ കൂടാതെ കേരളത്തില്‍ നിന്ന് പോയ ശജീര്‍ മംഗലശ്ശേരി അബ്ദുല്ല(35)യും കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു.

RELATED STORIES

Share it
Top