ഐഎന്‍എല്ലില്‍ ആഭ്യന്തര കലഹം രൂക്ഷംആബിദ്

കോഴിക്കോട്: ഐഎന്‍എല്ലില്‍ ഭിന്നത രൂക്ഷമാവുന്നു. പാര്‍ട്ടി ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചതായും ദേശീയ-സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ പോലും പാര്‍ട്ടി ആദര്‍ശ വിരുദ്ധമായാണു പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ച് സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ഒരു വിഭാഗം രംഗത്തുവന്നു. പുതിയ ദേശീയ നേതൃത്വം നിലവില്‍വന്നതുപോലും ചട്ടവിരുദ്ധമായാണെന്ന് ഇവര്‍ ആരോപിക്കുന്നു. സംസ്ഥാനതലത്തില്‍ അംഗത്വവിതരണം കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെടുന്ന അഖിലേന്ത്യാ കൗണ്‍സിലര്‍മാര്‍ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നാണു വ്യവസ്ഥ. ഇതിനു വിരുദ്ധമായാണു പുതിയ ദേശീയ നേതൃത്വം നിലവില്‍ വന്നതെന്നാണ് ഇവരുടെ ആരോപണം. സേട്ട് സാഹിബിന്റെ പേര് പറഞ്ഞ് ദേശീയ നേതൃത്വം ഉള്‍പ്പെടെ ആളുകളെ വഞ്ചിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറിമാരായ എന്‍ കെ അബ്ദുല്‍ അസീസ്, കെ പി ഇസ്മായീല്‍ എന്നിവര്‍ വോയ്‌സ് ക്ലിപ്പില്‍ തുറന്നടിക്കുന്നു. പ്രധാന പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലിട്ട ഈ ക്ലിപ്പ് ഇപ്പോള്‍ മറ്റ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്്. പാര്‍ട്ടിയില്‍ മുന്നോട്ടു പോവാന്‍ താല്‍പര്യമില്ലെന്നും മനസ്സാക്ഷിക്ക് പ്രയാസമുള്ളതുകൊണ്ടാണ് പിരിഞ്ഞുപോവുന്നതെന്നും ഇസ്മായീല്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്് സൗത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രഫ. എ പി അബ്ദുല്‍ വഹാബ് ഡോ. എം കെ മുനീറിനോട് പരാജയപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ ചിലരാണ്. സേട്ട് സാഹിബിനെ മുന്നില്‍ വച്ച് അദ്ദേഹത്തിന്റെ ആദര്‍ശവുമായി ഒരു ബന്ധവുമില്ലാത്ത കുറെ ആളുകളെ നിര്‍ത്തി നാം ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന, അഖിലേന്ത്യാ ജില്ലാ കമ്മിറ്റികളിലും അതാണ് സ്ഥിതിയെന്നും ഇസ്മായീല്‍ പറയുന്നു.കഴിഞ്ഞ ദേശീയ കൗണ്‍സിലില്‍ കേരള സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കണമെന്ന്  ദേശീയ ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും അതിനെതിരേ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് കേരള മുഖ്യമന്ത്രിയാണ് ഇന്ത്യയിലെ മതനിരപേക്ഷ മുഖ്യമന്ത്രിമാര്‍ക്ക് മാതൃക എന്ന നിലയില്‍ പ്രമേയം പാസാക്കാന്‍ അനുവദിച്ചുവെങ്കിലും പിന്നീട് അതിനു വിരുദ്ധമായ നിലപാടാണു സ്വീകരിച്ചതെന്നും എന്‍ കെ അബ്ദുല്‍ അസീസ് പറയുന്നു. എന്നാല്‍, തന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് വോയ്‌സ് ക്ലിപ്പിലുള്ളതെന്നും രാജിവയ്ക്കുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും എന്‍ കെ അബ്ദുല്‍ അസീസ് തേജസിനോട് പറഞ്ഞു. അതേസമയം എന്‍ കെ അബ്ദുല്‍ അസീസിനും കെ പി ഇസ്മായീലിനുമെതിരേ അഖിലേന്ത്യാ നേതൃത്വം നടപടിക്കൊരുങ്ങുന്നതായാണു വിവരം.

RELATED STORIES

Share it
Top