ഐഎഎസ് ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം

തളിപ്പറമ്പ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കടമ്പേരി സ്വദേശികള്‍ക്ക് എയര്‍ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നേമുക്കാല്‍ ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതയില്‍ അന്വേഷണം ഊര്‍ജിതമാക്കി.
കടമ്പേരി ഉത്രം വില്ലേജില്‍ എം ജിതിന്‍, സുഹൃത്ത് ശ്രീഹരി എന്നിവരുടെ പരാതിയില്‍ പാലക്കാട് മണ്ണംപറ്റയിലെ എം വി പ്രശാന്തിനെതിരെയാണ് കേസെടുത്തത്. പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ പ്രശാന്തിനായി തിരച്ചില്‍ ആരംഭിച്ചു. 2016 ആഗസ്ത് മാസത്തിലാണ് ജിതിന്‍ ഫേസ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെട്ടത്. ഐഎഎസ് ബിരുദധാരിയാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കലക്്ടറായി ജോലി ചെയ്യുകയാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ജിതിനില്‍ നിന്ന് 150399 രൂപയും ശ്രീഹരിയില്‍ നിന്ന് 2.25ലക്ഷം രൂപയുമാണ് കൈക്കലാക്കിയത്. ചെന്നൈ അണ്ണാനഗറില്‍ താമസിക്കുന്ന പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്ത് ഏറെനാള്‍ കഴിഞ്ഞിട്ടും ജോലി ശരിയാവാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. പാലക്കാട് മണ്ണംമ്പറ്റയിലെ പ്രശാന്തിന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്ക് വീടുമായി കുറേക്കാലമായി യാതൊരു ബന്ധമില്ലെന്ന് വ്യക്തമായി.

RELATED STORIES

Share it
Top