ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അടുത്ത മാസത്തോടെ എല്ലാ ഐഎഎസ് ഉദ്യോഗസ്ഥരും തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നു കേന്ദ്രം. ഇക്കാര്യം ആവശ്യപ്പെട്ടു കേന്ദ്രഭരണ, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഉദ്യോഗസ്ഥ മന്ത്രാലയം കത്ത് അയച്ചു.
ജനുവരി 31നു മുമ്പായി ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്വത്തു വിവരങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണു കത്ത്. സ്വത്തു വിവരങ്ങള്‍ കൈമാറാത്തവര്‍ക്ക്, ഉദ്യോഗക്കയറ്റവും വിദേശത്തു നിയമനവും ലഭിക്കുന്നതിനുള്ള വിജിലന്‍സിന്റെ അനുമതിയും ലഭ്യമാവില്ലെന്നും കത്തില്‍ സൂചിക്കുന്നു. സ്വത്തു വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ മാതൃകയും ഉദ്യോഗസ്ഥ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
2011 ഏപ്രില്‍ നാലിനു നല്‍കിയ ഈ നിര്‍ദേശം ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അഡീഷനല്‍ സെക്രട്ടറി പി കെ ത്രിപാഠി പറഞ്ഞു. മന്ത്രാലയത്തിന്റെ അവസാന കണക്കു പ്രകാരം ഏകദേശം 5004 ഐഎഎസ് ഉദ്യോഗസ്ഥരാണ് രാജ്യത്തുള്ളത്.

RELATED STORIES

Share it
Top