ഐഎംജിക്ക് സമീപം ഇന്‍ഫോപാര്‍ക്ക് റോഡില്‍ കൈയേറിയ സ്ഥലം കലക്ടര്‍ പിടിച്ചെടുത്തുകാക്കനാട്: ഐഎംജിക്ക് സമീപം ഇന്‍ഫോപാര്‍ക്ക് റോഡില്‍ സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയ സ്ഥലം കലക്ടര്‍ നേരിട്ടെത്തി പിടിച്ചെടുത്തു. കാക്കനാട് വില്ലേജ് ഓഫിസര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ലയുടെ സാന്നിധ്യത്തിലാണ് ഭൂമി പിടിച്ചെടുത്തത്. സിപിഡബ്ല്യൂഡി ക്വാര്‍ട്ടേഴ്‌സിന് എതിര്‍വശം റോഡിരികില്‍ ഇടപ്പള്ളി മാമംഗലം സ്വദേശി അറുപത് വര്‍ഷത്തിലേറെയായി കൈവശം വച്ചിരുന്ന 44 സെന്റാണ് റവന്യൂ വകുപ്പ് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ച് അധീനതയിലാക്കിയത്.    സെന്റിന് മുപ്പത് ലക്ഷം മാര്‍ക്കറ്റ് വിലയുള്ള ഭൂമിക്ക് 12 കോടിയില്‍പ്പരം വിലമതിക്കുമെന്ന് വില്ലേജ് ഓഫിസര്‍ പി പി ഉദയകുമാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ 60 സെന്റ് സ്ഥലത്തോട് ചേര്‍ന്ന് കിടന്നിരുന്ന പുറമ്പോക്കാണ് കൈവശപ്പെടുത്തിയിരുന്നത്. സ്വന്തം സ്ഥലത്തേക്കുള്ള വഴിക്ക് വേണ്ടിയാണ് പുറമ്പോക്കില്‍ അവകാശമുന്നയിച്ച് വില്ലേജ് അധികൃതരെ സ്വകാര്യ വ്യക്തി സമീപിച്ചത്. എന്നാല്‍ സ്വന്തമായി ഭൂമിയുള്ള സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയില്ല. ഇതേതുടര്‍ന്ന് നടത്തിയ സര്‍വെ നടപടിയിലൂടെയാണ് പുറമ്പോക്ക് കണ്ടെത്തിയത്. വര്‍ഷങ്ങളായി കൃഷി ഭൂമിയാണെന്ന വ്യാജേനയാണ് പുറമ്പോക്ക് സ്ഥലം കൈവശപ്പെടുത്തിയിരുന്നത്.    കാക്കനാട് വില്ലേജ് പരിധിയില്‍ മാത്രം സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ കോടികള്‍ വിലമതിക്കുന്ന ഒരേക്കറോളം സ്ഥലം ഇതിനോടകം സര്‍ക്കാര്‍ അധീനതയിലാക്കിയിട്ടുണ്ട്. ആദ്യകാല പ്രമുഖ മലയാള സിനിമ നടിയുടെ ഭര്‍തൃകുടുംബം കൈവശപ്പെടുത്തിയ പുറമ്പോക്ക് ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ ഓലിമുകള്‍ ജുമാസ്ജിദിന് സമീപം സ്വകാര്യ വ്യക്തി അരനൂറ്റാണ്ടിലേറെയായി കൈവശം വച്ചിരുന്ന 46 സെന്റ് റവന്യു അധികൃതര്‍ മൂന്ന് മാസം മുമ്പ് പിടിച്ചെടുത്തിരുന്നു. കൈയേറ്റ ഭീഷണിയെ തുടര്‍ന്ന് സീപോര്‍ട്ട് റോഡിരികില്‍ പ്രസ് അക്കാദമിക്ക് സമീപം പാറക്കുളം ഉള്‍പ്പെടെ 39 സെന്റ് സ്ഥലം റവന്യൂ അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ച് സര്‍ക്കാര്‍ അധീനതയിലാക്കി. കുളം ശുദ്ധീകരിച്ച് നിര്‍മാണ മേഖലയ്്ക്ക് ആവശ്യമായ വെള്ളം നല്‍കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്.    ജില്ലാ ആസ്ഥാനത്തെ കാക്കനാട് വില്ലേജ് പരിധിയിലാണ് ഏറ്റവും കൂടുതല്‍ റവന്യൂഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ കൈവശത്താക്കിയ കോടികള്‍ വിലമതിക്കുന്ന അര ഏക്കര്‍ ഭൂമി കൂടി തിരിച്ചുപിടിക്കാന്‍ വില്ലേജ് ഓഫിസര്‍ നോട്ടീസ് നല്‍കി. സീപോര്‍ട്ട് റോഡിലും സിവില്‍ സ്‌റ്റേഷനു പരിസരത്തുമായി സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള പുറമ്പോക്ക് കൂടി പിടിച്ചെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 12,38,56 സെന്റുകള്‍ വീതമാണ് സ്വകാര്യ വ്യക്തികള്‍ കൈവശംവച്ചിരിക്കുന്നത്. വ്യക്തികള്‍ കൈവശപ്പെടുത്തിയിരിക്കുന്ന റവന്യൂ ഭൂമി പിടിച്ചെടുക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അനുകൂല നിലപാട് സ്വീകരിച്ചതാണ് റവന്യൂ അധികൃതര്‍ക്ക് മുഖം നോക്കാതെ നടപടിയെടുക്കാന്‍ ധൈര്യമായത്. കോടികള്‍ വിപണിമൂല്യമുള്ള സിവില്‍ സ്‌റ്റേഷന്‍ പരിസരം ഉള്‍പ്പെടുന്ന കാക്കനാട് വില്ലേജ് പരിധിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top