ഐഎംഎയുടെ മാലിന്യ പ്ലാന്റ് ഉപേക്ഷിക്കണം: ചെന്നിത്തല

തിരുവനന്തപുരം: പെരിങ്ങമല പഞ്ചായത്തിലെ ഓട്ചുട്ടപടുകയില്‍ ഐഎംഎയുടെ ആശുപത്രി മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഇടപെട്ട് ഉപേക്ഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ രാവിലെ ഇലവുപാലത്തെ ഓട്ചുട്ടപടുക്കയില്‍ സമരം ചെയ്യുന്ന പ്രദേശവാസികളെ സമരപ്പന്തലില്‍ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിലോല പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഐഎംഎ പിന്മാറണമെന്നാവശ്യപ്പെട്ടു പ്രതിഷേധം ശക്തമായ സാഹചര്യത്തിലും പ്ലാന്റ് പാടില്ലെന്നു വിവിധ വകുപ്പുകള്‍ക്ക് ഡിഎഫ്ഒ റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലും മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ട് പ്ലാന്റ് സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശവാസികളെ ബോധവല്‍ക്കരിച്ചു പ്ലാന്റ് സ്ഥാപിക്കാമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. ജനങ്ങള്‍ക്കു ബോധമുള്ളതുകൊണ്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ സമരം ചെയ്യുന്നത്. ലോകത്ത് അവശേഷിക്കുന്ന അപൂര്‍വ ജൈവവൈവിധ്യ മേഖലയായി ഐക്യരാഷ്ട്രസഭ പ്രകീര്‍ത്തിച്ച ഈ പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കും. ചതുപ്പുനിലമായിട്ടും വനാതിര്‍ത്തി പ്രദേശത്തെ ഭൂമി കൈയേറ്റവും റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ ഇടപെടലും അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാവിലെ 10.45ഓടെ ഇലവുപാലത്ത് എത്തിയ രമേശ് ചെന്നിത്തലയെ പ്രദേശവാസികള്‍ സ്വീകരിച്ചു. പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും പ്രദേശവാസികള്‍ക്കൊപ്പം ഞങ്ങളും ഉണ്ടാവുമെന്ന ഉറപ്പും നല്‍കിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.തുടര്‍ന്ന്, പ്ലാന്റ് സ്ഥാപിക്കാനായി എടുത്ത മൂന്ന് ഏക്കറോളം സ്ഥലവും ചെന്നിത്തല സന്ദര്‍ശിച്ചു. കെ എസ് ശബരീനാഥന്‍ എംഎല്‍എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്‍, ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനറും വാര്‍ഡ് മെംബറുമായ എം റിയാസ്, ചെയര്‍മാന്‍ പി ജി സുരേന്ദ്രന്‍, വൈസ് ചെയര്‍മാന്‍ സജീവ് സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, നാട്ടുകാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top