ഐഎംഎയുടെ കത്ത് വിവാദമാവുന്നു

കെ സനൂപ്

തൃശൂര്‍: ഹോമിയോപ്പതി ചികില്‍സ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിനെച്ചൊല്ലി വിവാദം പുകയുന്നു. ഹോമിയോപ്പതി വകുപ്പിനെയും അതിന്റെ കീഴിലുള്ള ആശുപത്രികളെയും ഡിസ്‌പെന്‍സറികളെയും പൊതുചികില്‍സാ രീതിയില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്. കത്തിനെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പരാതികള്‍ അയച്ചു.
ഹോമിയോപ്പതി ഒരു വൈദ്യശാസ്ത്രശാഖയാണെന്ന് അംഗീകരിച്ച് ഇന്ത്യാ ഗവണ്‍മെന്റും സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക വകുപ്പുകള്‍ രൂപീകരിച്ച സന്ദര്‍ഭത്തിലാണ് അലോപ്പതി ഡോക്ടര്‍മാരുടെ തൊഴില്‍ സംഘടനയുടെ ഭാഗത്തുനിന്ന് വിചിത്ര നടപടിയുണ്ടാവുന്നത്. സംസ്ഥാനത്ത് 662 ഹോമിയോ ഡിസ്‌പെന്‍സറികളാണുള്ളത്. സര്‍ക്കാര്‍തലത്തില്‍ സദ്ഗമയ, സീതാലയം തുടങ്ങിയ ചികില്‍സാപദ്ധതികളും ഉണ്ട്.
ഐഎംഎയുടെ ആരോപണങ്ങളെ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സംഘടനയായ ഐഎച്ച്‌കെയുടെ ജനറല്‍ സെക്രട്ടറി ഡോ. അനീഷ് രഘു തള്ളി. ക്യൂബയില്‍ എലിപ്പനി നിയന്ത്രണവിധേയമാക്കിയത് ഹോമിയോ ഔഷധമാണ്. ഒരു രാജ്യത്തും ഹോമിയോ ചികില്‍സ നിരോധിച്ചിട്ടില്ലെന്നും അതിനാല്‍ ഐഎംഎ വ്യാജ പ്രചാരണം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍പേര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ചികില്‍സാശാസ്ത്രമാണ് ഹോമിയോപ്പതി. 80 രാജ്യങ്ങള്‍ ഹോമിയോപ്പതി ഒരു ചികില്‍സാശാഖയായി അംഗീകരിച്ചിട്ടുണ്ട്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന മൗനം ഐഎംഎയെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായി രോഗികളുടെ അവകാശ സംരക്ഷണ സമിതി കണ്‍വീനര്‍ ജോണി വര്‍ഗീസ് ആരോപിച്ചു. മരുന്നുകമ്പനികളെ സഹായിക്കാനാണ് ചെലവു കുറഞ്ഞ ഹോമിയോ ചികില്‍സാരീതിയെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top