ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയില്‍ദുബയ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഐസിസി പുറത്തുവിട്ടു. സപ്തംബര്‍ 13 മുതല്‍ 28വരെ നടക്കുന്ന ടൂര്‍ണമെന്റിലേക്ക് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെക്കൂടാതെ പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്താനും നേരിട്ട് യോഗ്യത നേടിയെടുത്തു. ശേഷിക്കുന്ന ഒരു സ്ഥാനത്തേക്കായി ഹോങ്കോങ്, മലേസ്യ, ഒമാന്‍, സിംഗപ്പൂര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ യോഗ്യതാ മല്‍സരങ്ങള്‍ കളിക്കും.രണ്ട് ഗ്രൂപ്പുകളായി ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം ചിരവൈരികളായ പാകിസ്താനും യോഗ്യത നേടുന്ന ഒരു ടീമും അണിനിരക്കുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളും പോരടിക്കും. ഓരോ ടീമും രണ്ട് തവണ വീതം പരസ്പരം മല്‍സരിച്ചശേഷം ഗ്രൂപ്പില്‍ ആദ്യ രണ്ടില്‍ എത്തുന്നവര്‍ അവസാന നാലിലേക്ക് യോഗ്യത നേടും. ഇതില്‍ നിന്ന് രണ്ട് ടീമുകള്‍ ഫൈനലിലേക്കും യോഗ്യത നേടും.നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. സപ്തംബര്‍ 16ാം തിയ്യതി ദുബയിലാണ് ഇന്ത്യ - പാക് മല്‍സരം നടക്കുന്നത്. ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്താന്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടും.2016ല്‍ ട്വന്റി20 ഫോര്‍മാറ്റിലാണ് ഏഷ്യാകപ്പ് സംഘടിപ്പിച്ചതെങ്കില്‍ ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 2019 ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ടൂര്‍ണമെന്റ് ഫോര്‍മാറ്റില്‍ വ്യത്യാസം വരുത്തിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ ഏഷ്യാകപ്പുയര്‍ത്തിയ ടീമെന്ന ബഹുമതി ഇന്ത്യക്കൊപ്പമാണ് ( ആറ് തവണ). ശ്രീലങ്ക അഞ്ച് തവണയും  ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top