ഏഷ്യന്‍ ഗെയിംസ്: ഇടക്കാല ആവശ്യം തള്ളിയതിന് എതിരേ അപ്പീല്‍

കൊച്ചി: ആഗസ്തില്‍ ഇന്തോ നീസ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സ് ടീമിനൊപ്പം റിസര്‍വ് ടീമിനെ ഉള്‍പ്പെടുത്തണമെന്ന ഇടക്കാല ആവശ്യം തള്ളിയതിനെതിരേ മലയാളി താരങ്ങളായ അപര്‍ണ ബാലനും കെ പി ശ്രുതിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ജൂണ്‍ 30ന് മല്‍സരാര്‍ഥികളുടെ പട്ടിക അയക്കേണ്ട അവസാന ദിവസമായിരുന്നെന്ന കാരണത്താല്‍ ആവശ്യം നിരാകരിച്ചത് വസ്തുതകള്‍ കണക്കിലെടുക്കാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ദേശീയ ടീമിന്റെ മുഖ്യ പരിശീലകനും സെലക്ഷന്‍ സമിതിയംഗവുമായ പി ഗോപി ചന്ദിന്റെ മകള്‍ ഉള്‍പ്പെട്ട ടീമിനെ തിരഞ്ഞെടുക്കാന്‍ യോഗ്യതാ മല്‍സരങ്ങളില്‍ കൂടുതല്‍ പോയിന്റ് ലഭിച്ച തങ്ങളെ തഴഞ്ഞെന്നാരോപിച്ച് ഇരുവരും നല്‍കിയ ഹരജി സിംഗിള്‍ബെഞ്ചിന്റെ പരിഗണനയിലാണ്. ഇതിനിടെ റിസര്‍വ് ടീമിനെ ഇന്തൊനേസ്യക്ക് അയക്കാനും ടീമില്‍ തങ്ങളെ ഉള്‍പ്പെടുത്തണാനും ഉത്തരവിടണമെന്ന ഇടക്കാല ആവശ്യം കോടതി ഉന്നയിച്ചെങ്കിലും സിംഗിള്‍ബെഞ്ച് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.വനിതാ ബാഡ്മിന്റണ്‍ ടീം തിരഞ്ഞെടുത്ത രീതിയെ അന്തിമമായി അംഗീകരിക്കാതെ കേസ് പരിഗണനയില്‍ വെച്ചിരിക്കുകയാണെങ്കിലും റിസര്‍വ് ടീം സംബന്ധിച്ച ആവശ്യം നിരസിക്കുകയായിരുന്നെന്ന് അപ്പീല്‍ ഹരജിയില്‍ പറയുന്നു. ഏഷ്യന്‍ ഗെയിംസിന്റെയും ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെയും ചട്ടങ്ങള്‍ പ്രകാരം മല്‍സരാര്‍ഥികളുടെ പട്ടിക ഇനിയും സമര്‍പ്പിക്കാനാവും.
വസ്തുതകള്‍ പരിഗണിച്ച് തങ്ങളെ ഉള്‍പ്പെടുത്തി ഡബിള്‍സ് റിസര്‍വ് ടീം രൂപവല്‍ക്കരിച്ച് മല്‍സരത്തിനയക്കാന്‍ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.

RELATED STORIES

Share it
Top