ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് : ബജ്‌രംഗ് പുനിയക്ക് സ്വര്‍ണം; സാക്ഷി മാലികിന് വെള്ളിന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ബജ്‌രംഗ് പുനിയക്ക് സ്വര്‍ണം. 65 കിലോ പുരുഷ വിഭാഗത്തില്‍ കൊറിയയുടെ സോങ്ചുല്‍ ലീയെ തോല്‍പിച്ചാണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 60 കിലോയില്‍ റിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് വെള്ളി നേടി. ഫൈനലില്‍ കടന്ന മറ്റൊരു വനിതാ താരം സരിത തിരിച്ചടിക്കാനാവാതെ തോല്‍വി നേരിട്ടു. 58 കിലോ വിഭാഗത്തില്‍ കിര്‍ഗിസ്താന്റെ ഐസ്‌ലൂ ടിനിബെക്കോവയോടാണ് സരിത തോല്‍വി വഴങ്ങിയത്. ആദ്യ സെഷനില്‍ 0-2ല്‍ പിന്നില്‍ നിന്ന പുനിയ ശക്തമായി തിരിച്ചുവരികയായിരുന്നു. സെക്കന്റ് സെഷനില്‍ മൂന്ന് മിനിറ്റിനകം 3-2ന് മല്‍സരം പിടിച്ചെടുത്ത പുനിയ എതിരാളിക്ക് തിരിച്ചെത്താനുള്ള ഒരവസരം പോലും നല്‍കിയില്ല. പുനിയയുടെ സ്വര്‍ണത്തിനു പുറമെ ഇന്ത്യ നാല് വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി.  60 കിലോ ഫൈനലില്‍ ജപ്പാന്റെ റിസാക്കോ കവായിയോടാണ് സാക്ഷി മുട്ടുമടക്കിയത്. റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ കവായിയോട് വെറും രണ്ട് മിനിറ്റും 44 സെക്കന്റും മാത്രമാണ് സാക്ഷിക്ക് പൊരുതി നില്‍ക്കാനായത്. വിവാഹ ശേഷമുള്ള ആദ്യ മെഡലാണ് സാക്ഷിയുടേത്.

RELATED STORIES

Share it
Top