ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാന പദ്ധതി

പുത്തനത്താണി: കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനപദ്ധതി നടപ്പിലാക്കും.സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജൈവവൈവിധ്യ ഉദ്യാനപദ്ധതിയാണ്  മണ്ഡലത്തിലെ ജിയുപിസ്‌കൂള്‍ കോട്ടക്കല്‍ ,ജിയുപി സ്‌കൂള്‍ പൈങ്കണ്ണൂര്‍, ജിഎല്‍പി സ്‌കൂള്‍ ചാപ്പനങ്ങാടി, ജിഎല്‍പി സ്‌കൂള്‍ മേല്‍മുറി,ജിഎല്‍പി സ്‌കൂള്‍ ചെല്ലൂര്‍ ,ജിഎല്‍പിസ്‌കൂള്‍ വടക്കുംപുറം, ജിഡബ്ല്യുഎല്‍പി സ്‌കൂള്‍ തുടങ്ങിയ ഏഴ് വിദ്യാലയങ്ങളില്‍  നടപ്പിലാക്കുന്നത്. വിദ്യാലത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളില്‍ ‘ പദ്ധതി.2017-2018 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍  300 ലക്ഷം രൂപ വകയിരുത്തി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭരണാനുമതി സര്‍ക്കാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇരുപത്തയ്യായിരം രൂപയാണ് ഓരോ സ്‌കൂളിനും അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട 761 വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനം ആവിഷ്‌കരിക്കുന്നതിന് ആദ്യ ഗഡുവായി പതിനായിരം രൂപ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ വഴി അനുവദിച്ചിട്ടുമുണ്ട്.വിവിധയിനം വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കല്‍, നട്ടുപിടിപ്പിക്കല്‍, ഇവ പരിപാലിക്കുന്നതിന് ഭൗതിക സൗകര്യങ്ങള്‍ അനുകൂലമാക്കല്‍, ഹരിത സമിതി രൂപീകരണം, വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍, ബോധവല്‍കരണ ക്ലാസ്, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിയോജക മണ്ഡലത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ പറഞ്ഞു.

RELATED STORIES

Share it
Top