ഏഴു ഹാര്‍ബറുകളില്‍ മുഴുവന്‍സമയ കണ്‍ട്രോള്‍ സെന്ററുകള്‍: മന്ത്രി

കൊല്ലം: വാടി, മുതാക്കര തീരമേഖലകളില്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ സന്ദര്‍ശനം നടത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ കനത്ത പോലിസ് കാവലില്‍ ആയിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന നിര്‍ണായക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു. 1500 കിലോമീറ്റര്‍ ദൂരപരിധിവരെ കൃത്യമായ ആശയവിനിമയം സാധ്യമാക്കുന്ന ആധുനിക സംവിധാനം ഐഎസ്ആര്‍ഒയുടെ സഹായത്തോടെ സജ്ജമാക്കും. ഇന്ത്യ വികസിപ്പിച്ചെടുത്ത  ‘നാവിക്’ ജി പി എസ് സംവിധാനം ഇതിനായി ഫലപ്രദമായി ഉപയോഗിക്കും. ഫെബ്രുവരിയോടെ 1000 നാവിക് ഉപകരണങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കും. ഇത് മല്‍സ്യബന്ധന വള്ളങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ഐ എസ് ആര്‍ ഒയുടെ  ഉപഗ്രഹ സംവിധാനത്തിന്റെ ഭാഗമായി കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന ജി പി എസ് ആയിരിക്കും പ്രയോഗത്തില്‍ വരുക. മല്‍സ്യബന്ധന യാനങ്ങളെല്ലാം ഭാവിയില്‍ ഈ ശൃംഖലയുടെ ഭാഗമാകും. നീണ്ടകര, ശക്തികുളങ്ങര, മുനമ്പം, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെന്ററുകള്‍ ആരംഭിക്കും.  മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് ഏതവസരത്തിലും രക്ഷാദൗത്യം സാധ്യമാക്കുന്ന സൗകര്യങ്ങള്‍ നല്‍കും. മല്‍സ്യബന്ധനത്തിന് പോകുന്ന യാനങ്ങള്‍ക്ക് കണ്‍ട്രോള്‍ സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മൊബൈല്‍ ആപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.സംസ്ഥാനത്തെ കര്‍മോന്‍മുഖ മല്‍സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപ വിതം ദുരിതാശ്വാസധന സഹായമായി നല്‍കുന്നതിന്  ആകെ 33 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1,66000 മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൊല്ലം ജില്ലയില്‍ 14699 തൊഴിലാളികള്‍ക്കായി 29398000 രൂപ നല്‍കും. ഈ തുക നാളെ മുതല്‍ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാകും. മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷത്തോളം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിന് സാഫും  മല്‍സ്യ ഫെഡും നടപടി സ്വീകരിക്കും. മല്‍സ്യബന്ധനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. മരിച്ചവരുടെ കുട്ടികളുടെ  ഭക്ഷണവും പുസ്തകവും ഉള്‍പ്പടെയുള്ള  വിദ്യാഭ്യാസ കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.കൊല്ലം ഹാര്‍ബറില്‍ രക്ഷാദൗത്യത്തിനായി സ്ഥിരമായി രണ്ട് ബോട്ടുകള്‍ അനുവദിക്കണമെന്ന് വിവിധ മല്‍സ്യത്തൊഴാലാളി സംഘടനകള്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.     ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ സി ടി സുരേഷ് കുമാര്‍, വിവിധ മല്‍സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ എ എം ഇക്ബാല്‍, എച്ച് ബേസില്‍ ലാല്‍, ജി ആനന്ദന്‍ , ആന്റണി, പനി അടിമൈ എന്നിവര്‍ വിവിധ വിഷങ്ങള്‍ മന്ത്രിക്കുമുന്നില്‍ അവതരിപ്പിച്ചു.

RELATED STORIES

Share it
Top