ഏഴുപേര്‍ക്ക് പുതുജീവിതം; അരുണ്‍രാജ് യാത്രയായി

തിരുവനന്തപുരം: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ രാജന്‍-സീത ദമ്പതികളുടെ മകന്‍ അരുണ്‍രാജ് (29) ഏഴുപേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് യാത്രപറഞ്ഞു പിരിഞ്ഞു. ഹൃദയം, കരള്‍, വൃക്കകള്‍, കൈകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഏഴ് അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഇതാദ്യമാണ്. കടുത്ത വേദനയ്ക്കിടയിലും ഏഴുപേര്‍ക്ക് ജീവിതം നല്‍കാന്‍ തയ്യാറായ അരുണ്‍രാജിന്റെ കുടുംബം നേരിട്ട ദുഃഖത്തില്‍ പങ്കുചേരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ഏപ്രില്‍ 1ന് വൈകീട്ട് 5.30 നായിരുന്നു അപകടം. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അരുണ്‍രാജ്. ഇവരുടെ ബൈക്കില്‍ പിറകില്‍നിന്നെത്തിയ കാര്‍ ഇടിച്ചു. സുഹൃത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ബൈക്കിന് പിന്നിലിരുന്ന അരുണ്‍രാജിന്റെ പരിക്ക് ഗുരുതരമായിരുന്നു. ഉടന്‍ തന്നെ അരുണ്‍രാജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
അരുണ്‍രാജിന്റെ സുഹൃത്താണ് അവയവദാനത്തിന്റെ മഹത്ത്വത്തെപ്പറ്റി ബന്ധുക്കളോട് വിവരിച്ചത്. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കട്ടെ എന്നു പറഞ്ഞ് പിതാവ് അവയവദാനത്തിനു സമ്മതിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു. എല്ലാ അവയവങ്ങളും നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറായതോടെ മു ന്‍ഗണനാക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തി. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ ആറുമണിക്കൂര്‍ ഇടവിട്ട മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ടുപ്രാവശ്യം ആപ്‌നിയോ ടെസ്റ്റ് നടത്തിയിട്ടും ജീവിതത്തിലേക്ക് അരുണ്‍ തിരിച്ചുവരാനുള്ള സാഹചര്യമില്ലെന്ന് ബോധ്യപ്പെട്ടതിനു ശേഷം മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതിന്റെ വീഡിയോദൃശ്യങ്ങളും ചിത്രീകരിച്ചു. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയിലെ രോഗിക്കും നല്‍കി. കരള്‍ അമൃത ആശുപത്രിയില്‍ ചികില്‍സയിലുള്ള പത്തനംതിട്ട സ്വദേശിക്കും ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികില്‍സയിലുള്ള എറണാകുളം സ്വദേശിക്കുമാണു നല്‍കിയത്. കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണു നല്‍കുക.
കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് അരുണിന്റെ ഹൃദയം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി ബന്ധപ്പെട്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് ഒടുവില്‍ ഹൃദയം ലഭിച്ചത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തിലെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്. അവിവാഹിതനായിരുന്നു അരുണ്‍രാജ്. വിദേശത്ത് ജോലി ചെയ്യുന്ന അഖില്‍രാജാണ് ഏക സഹോദരന്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

RELATED STORIES

Share it
Top