ഏഴുപേരുടെ ജീവനെടുത്തത് തെറ്റായ വാട്‌സാപ്പ് സന്ദേശങ്ങള്‍
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ശോഭാപൂരില്‍ ഏഴുയുവാക്കളുടെ ജീവനെടുത്തത് വാട്‌സാപ്പില്‍ പ്രചരിച്ച വ്യാജസന്ദേശങ്ങളെന്ന് റിപോര്‍ട്ട്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോവുന്നവര്‍ മേഖലകളില്‍ കറങ്ങിനടക്കുന്നുണ്ടെന്ന മുന്നറിയിപ്പിനൊപ്പം ആക്രമണമേറ്റു ചോരയൊലിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോ സഹിതമുള്ള സന്ദേശമാണ് പ്രചരിച്ചത്. തുടര്‍ന്ന് സ്‌കൂളിലേക്കോ മറ്റോ മേഖലയിലുള്ളവര്‍ കുഞ്ഞുങ്ങളെ പുറത്തുവിട്ടില്ല. ഇതിനുപിന്നാലെ സെരായ്‌ക്കേല, ഘര്‍സാവന്‍, കിഴക്കേ സിംങ്ഭും, പടിഞ്ഞാറേ സിംങ്ഭും തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമീണര്‍ ആയുധസസജ്ജരായി സംഘടിക്കുകയുംചെയ്തു. ഗ്രാമീണര്‍ സംഘടിച്ചു നിയമംകൈയിലെടുത്തതോടെ ഗോത്രവര്‍ഗങ്ങള്‍ക്കു സ്വാധീനമുള്ള ഈമേഖലയില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട നാലും ഭൂരിപക്ഷസമുദായത്തില്‍പ്പെട്ട മൂന്നുപേരും അടക്കം ഒരാഴ്ചയ്ക്കിടെ ഏഴുപേര്‍ മരിക്കുകയായിരുന്നു.
ഈ മേഖലയില്‍ കുട്ടികളെ കാണാതായ ഒരു പരാതി പോലും അടുത്തൊന്നും ലഭിച്ചില്ലെന്ന് പൊലിസ് പറഞ്ഞു. വ്യാഴാഴാചയാണ് ശോഭാപൂരില്‍ മുഹമ്മദ് നഈം, സജ്ജാദ്, സിറാജ്, ആലിം എന്നിവര്‍ കൊല്ലപ്പെട്ടത്. ആയുധസജ്ജരായി നില്‍ക്കുകയായിരുന്ന ഗ്രാമീണര്‍ക്കിടയിലേക്ക് കാലിക്കച്ചവടക്കാരനായ നഈമിന്റെ നേതൃത്വത്തില്‍ ഇവര്‍ വാഹനത്തില്‍ എത്തിപ്പെടുകയായിരുന്നു. വാഹനം തടഞ്ഞ ശേഷം നാലുപേരെയും പുറത്തേക്കു വലിച്ചിഴച്ചു മര്‍ദ്ദിക്കുകയായിരുന്നു. എന്താണ് കാരണമെന്നുപോലും പറയാതെയായിരുന്നു ആക്രമണം. മണിക്കൂറുകളോളമാണ് ഇവരെ ഗ്രാമീണര്‍ തല്ലിച്ചതച്ചത്. ഇതിനിടെ പൊലിസ് എത്തിയെങ്കിലും ഇടപെട്ടില്ല. അക്രമികള്‍ മുഹമ്മദ് നഈമിനെ മര്‍ദിക്കുന്നതിന്റെയും ചോരയില്‍ കുളിച്ചു യുവാവ് സംഘത്തോട് യാചിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തെത്തുടര്‍ന്നു മുഹമ്മദ് നഈമിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങി.  ജാംഷഡ്പൂരില്‍ പ്രതിഷേധക്കാര്‍ പൊലിസുമായി ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകപ്രയോഗവും നടത്തിയാണ് പ്രക്ഷോഭകരെ പൊലിസ് ഓടിച്ചത്. സംഘര്‍ഷത്തില്‍ പ്രക്ഷോഭകര്‍ക്കും പൊലിസുകാര്‍ക്കും പരിക്കുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് വിവിധയിടങ്ങലില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മന്‍ഗോ, ആസാദ് നഗര്‍, ഒലിദ്, എം.ജി.എം എന്നിവിടങ്ങളില്‍ രാവിലെ 10 മണിമുതല്‍ വൈകീട്ട് ആറുവരെയാണ് നിരോധനാജ്ഞ നിലവിലുള്ളത്. പ്രദേശത്ത് ദ്രുതകര്‍മസേനയെ ഉള്‍പ്പെടെ വിന്യസിച്ചു കര്‍ശനസുരക്ഷയും ഒരുക്കി. ഇതേദിവസം തന്നെ ഈസ്റ്റ് സിങ്ഭൂം ജില്ലയില്‍ വച്ച് കുട്ടിക്കടത്തുകാരാണെന്നാരോപിച്ച് ഗൗതം വര്‍മ, സഹോദരന്‍ വികാസ് വര്‍മ, ഗണേഷ് ഗുപ്ത എന്നിവരെയും മര്‍ദ്ദിച്ചുകൊന്നു. പ്രദേശത്തു സ്ഥലക്കച്ചവടത്തിനായി എത്തിയതായിരുന്നു ഗൗതം വര്‍മ. ഈ സംഭവത്തിലും പൊലിസ് കാഴ്ചക്കാരായി നോക്കിന്നുവെന്നു പരാതിയുണ്ട്. ഈ മൂന്നുകൊലപാതകങ്ങളിലും ബന്ധുക്കളുടെ പരാതിയില്‍ കണ്ടാല്‍ മിരിച്ചറിയുന്ന 17 പേര്‍ക്കും അജ്ഞാതരായ 1200 പേര്‍ക്കും എതിരേ പൊലിസ് കേസെടുത്തു. സോഷ്യല്‍മീഡിയവഴിയുള്ള തെറ്റായപ്രചാരണങ്ങളാണ് കൊലപാതകങ്ങളിലേക്കു നയിച്ചതെന്ന് സമുദായ, ഗ്രാമീണ നേതാക്കള്‍ പറഞ്ഞു.

[related]

RELATED STORIES

Share it
Top