ഏഴിമല, തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടോദ്ഘാടനം നാളെ

കണ്ണൂര്‍:  കരാറെടുക്കാന്‍ ആളില്ലാതെ നീണ്ടുപോയ ഉത്തര മലബാറിലെ വിവിധ റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. ഏഴിമല സ്റ്റേഷനില്‍ നാളെ രാവിലെ 12നും തൃക്കരിപ്പൂരില്‍ ഉച്ചയ്ക്ക് രണ്ടിനും ചെറുവത്തൂരില്‍ വൈകീട്ട് മൂന്നിനും പി കരുണാകരന്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും.
കാസര്‍കോട് പള്ളം പള്ളം റെയില്‍േവ ഗേറ്റിലെ അടിപ്പാത 4.30ന് വാഹനങ്ങള്‍ക്ക് ഔദ്യോഗികമായി തുറന്നുകൊടുക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് പുറമെ റെയില്‍വേ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും. ഏഴിമല, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവൃത്തിക്ക് 86 ലക്ഷം രൂപയാണ് അനുവദിച്ചത്.
രണ്ടു തവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ ആരും മുന്നോട്ടുവന്നിരുന്നില്ല. തുക ലാപ്‌സാവുന്ന സാഹചര്യത്തിലാണ് പി കരുണാകരന്‍ എംപിയുടെ ഇടപെടലിന്റെ ഫലമായി മൂന്നാം തവണ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനായത്. തൃക്കരിപ്പൂരില്‍ നിലവിലുള്ള കെട്ടിടത്തിന്റെ വടക്ക് മാറിയാണ് പുതിയ കെട്ടിടം. യാത്രക്കാര്‍ക്കുള്ള വെയിറ്റിങ് ഹാള്‍, ഓഫിസ് മുറികള്‍, രണ്ടു ടോയ്‌ലറ്റ്, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവ ഒരുക്കി. ചെറുവത്തൂര്‍ സ്‌റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രമാണ് അനുബന്ധമായി പണിത മറ്റൊരു കെട്ടിടം. പള്ളത്ത് അടിപ്പാത വന്നതോടെ റെയില്‍വേ പാളത്തിന് പടിഞ്ഞാറു ഭാഗത്തുള്ള കസബ കടപ്പുറം, നെല്ലിക്കുന്ന് ഭാഗങ്ങളിലേക്കുള്ള കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഉപകാരമായി. 2.5 കോടി രൂപ ചെലവില്‍ വിജയ് ഇന്‍ഫ്ര പ്രൊജക്റ്റ് ലിമിറ്റഡ് കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല.

RELATED STORIES

Share it
Top