ഏഴഴകോടെ പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് കിരീടം


പാരിസ്: ഫ്രഞ്ച് ലീഗ് 1 കപ്പില്‍ മുത്തമിട്ട് പിഎസ്ജി.  നിലവിലെ ജേതാക്കളായ മൊണാക്കോയെ ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്താണ് പഎസ്ജി തങ്ങളുടെ ഏഴാം ഫ്രഞ്ച് ലീഗ് കിരീടമണിഞ്ഞത്.  അഞ്ച് മല്‍സരങ്ങള്‍ ശേഷിക്കെയാണ് പിഎസ്ജിയുടെ കിരീടധാരണം. തുടര്‍ച്ചയായ നാല് ഫ്രഞ്ച് ലീഗ് കിരീടനേട്ടങ്ങള്‍ കൊണ്ടാടിയ പിഎസ്ജിയെ കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കിരീടം ചൂടിയ മൊണോക്കോയോട് ഇതോടെ മധുരപ്രതികാരം വീട്ടാനും പിഎസ്ജിക്കായി. 33 മല്‍സരങ്ങളില്‍ നിന്ന് 87 പോയിന്റ് സ്വന്തമാക്കിയാണ് പിഎസ്ജി ജേതാക്കളായത്. രണ്ടാമതുള്ള മൊണാക്കോയ്ക്ക് ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 70 പോയിന്റ് മാത്രമാണുള്ളത്. ജിയോവാനി ലോ സെല്‍ക്കോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ പിഎസ്ജിക്കായി ഇരട്ടഗോള്‍ നേടിയപ്പോള്‍ എഡിന്‍സന്‍ കവാനി, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍ എന്നിവരും ഗോളുകള്‍ കണ്ടെത്തി. മൊണാക്കോ നായകന്‍ റെഡമാല്‍ ഫല്‍ക്കാവോയുടെ സെല്‍ഫ് ഗോളും പിഎസ്ജിയുടെ ഏഴടിഗോള്‍ നേട്ടത്തില്‍ തുണയായി. റോണി ലോപ്പസാണ് പിഎസ്ജിയുടെ വലയില്‍ ഏക നിറയൊഴിച്ച പ്രതിയോഗി. യുനായ് എമ്‌റി പരിശീലകനായി ചുമതലയേറ്റശേഷമുള്ള പിഎസ്ജിയുടെ ആദ്യ ലീഗ് കിരീടമാണിത്. ഫ്രഞ്ച് ലീഗില്‍ കിരീടം നേടിയെങ്കിലും ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ പുറത്തായതോടെ പരിശീലകന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മുമ്പ് 1985 -86,1993 -94, 2012 -13, 2013 -14, 2014 -15, 2015 -16 എന്നീ വര്‍ഷങ്ങളിലാണ് പിഎസ്ജി ഫ്രഞ്ച് ലീഗില്‍ മുത്തമിട്ടത്.

RELATED STORIES

Share it
Top