ഏഴംകുളം ഗ്രാമപ്പഞ്ചായത്തില്‍ നാല്‌നില ഫഌറ്റ് നിര്‍മിക്കുന്നുഏഴംകുളം:  ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലെ മൂര്‍ത്തിവിളയില്‍ ഭൂരഹിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഫഌറ്റ് സമുച്ചയം നിര്‍മിക്കും. മുമ്പ് ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏഴംകുളം ഗ്രാമ പഞ്ചായത്ത് വാങ്ങിയ 93 സെന്റ് സ്ഥലത്താണ് പദ്ധതിയില്‍പ്പെടുത്തി ഫഌറ്റ് നിര്‍മിക്കുന്നത്. ഇതു സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു.  സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ പരിശോധയുടെ അടിസ്ഥാനത്തില്‍ ഫഌറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് ഈ പ്രദേശം അനുയോജ്യമാണെന്ന് കണ്ടെത്തി. ആദ്യഘട്ടത്തില്‍ നാലു നിലകളുള്ള ഫഌറ്റ് പണിയാനാണ് പദ്ധതി തയാറാക്കുന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ തയാറാക്കി സമര്‍പ്പിക്കുന്നതിന് നിര്‍മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയതായും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് സാബിര്‍ ഹുസയ്ന്‍ പറഞ്ഞു.

RELATED STORIES

Share it
Top