ഏലപ്പാറ-പശുപ്പാറ റൂട്ടില്‍ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി: പശുപ്പാറ ഗ്രാമം ഒറ്റപ്പെട്ടു

പീരുമേട്: ഏലപ്പാറ-പശുപ്പാറ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിയതിനെ തുടര്‍ന്നു പശുപ്പാറ ഗ്രാമം ഒറ്റപ്പെട്ടു. ഏലപ്പാറ മുതല്‍ കൊച്ചുകരുന്തരുവി വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ഇതു വഴി ഉണ്ടായിരുന്ന 12 സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതാണ് പശുപ്പാറക്കാരെ പ്രതിസന്ധിയിലാക്കിയത്.
കുമളിയില്‍ നിന്നും മറ്റും പശുപ്പാറയിലേക്ക് ഉണ്ടായിരുന്ന ബസ് സര്‍വീസുകള്‍ ഇപ്പോള്‍ ഏലപ്പാറയില്‍ ഓട്ടം അവസാനിപ്പിക്കുകയാണ്. തകര്‍ന്ന റോഡുകളിലൂടെ നടത്തുന്ന സര്‍വീസുകള്‍ ബസുകള്‍ക്ക് തകരാര്‍ സമ്മാനിക്കുന്നതും അധിക ഡീസല്‍ ചെലവുണ്ടാക്കുന്നതും കണക്കിലെടുത്താണ് ബസ് ഉടമകള്‍ പശുപ്പാറയിലേക്ക് സര്‍വീസ് നടത്തേണ്ടായെന്ന് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റോഡിലെ വലിയ ഗര്‍ത്തത്തില്‍ ചാടിയ ബസിന്റെ ടയര്‍ പൊട്ടി തകര്‍ന്നിരുന്നു. ഇതിനു പുറമേ എതാനും മാസങ്ങള്‍ക്കിടെ ഇതു വഴി സര്‍വീസ് നടത്തിയ മുഴുവന്‍ ബസുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും ബസ് ജീവനക്കാര്‍ പറയുന്നു.
ബസുകളുടെ അഭാവത്തില്‍ ട്രീപ്പ് ജീപ്പുകള്‍ക്ക് 40 രൂപ വീതം നല്‍കിയാണ് സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഏലപ്പാറയില്‍ എത്തുന്നത്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് എതാനും ദിവസങ്ങളായി ബസുകള്‍ ഏലപ്പാറ-കട്ടപ്പന റൂട്ടിലെ നാലാംമൈലില്‍ എത്തിയതിനു ശേഷം ഇവിടെ നിന്നു സമാന്തരപാതയിലൂടെ കൊച്ചുകരുന്തരുവിക്കപ്പുറത്ത് എത്തി പശുപ്പാറയ്ക്ക് ട്രീപ്പ് നടത്തി വരുകയായിരുന്നു.
എന്നാല്‍ ചെമ്മണ്ണ് വഴി തന്നെ സര്‍വീസ് നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് ബസുകള്‍ നാലാംമൈല്‍ റൂട്ട് ഒഴിവാക്കി ഏലപ്പാറയില്‍ ഓട്ടം അവസാനിപ്പിച്ചിരിക്കുന്നത്.  കൊച്ചുകരുന്തരുവിയില്‍ നിന്നു കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ ദിവസേന 20 രൂപ വീതം ട്രിപ്പുകള്‍ക്ക് നല്‍കിയാണ് ഏലപ്പാറയില്‍ എത്തുന്നത്. സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ ദിവസേന വിദ്യാര്‍ഥികള്‍ പോലും 40 രൂപ വീതം മുടക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. റോഡ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്,  സിപിഎം ഉള്‍പ്പെടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

RELATED STORIES

Share it
Top