ഏലപ്പാറയ്ക്കു സമീപം സ്വകാര്യ തേയില ഫാക്ടറി കത്തിനശിച്ചു ; കോടികളുടെ നഷ്ടംപീരുമേട്: തേയിലപ്പൊടി ഉല്‍പ്പാദന കേന്ദ്രത്തിനു തീപിടിച്ചു. കോടികളുടെ നഷ്ടം. ഏലപ്പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഹെലിബെറിയ കമ്പനിയുടെ സെമിനി വാലി ഡിവിഷനിലെ തേയില ഉല്‍പ്പാദന കേന്ദ്രത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് തേയില കേന്ദ്രത്തില്‍ അഗ്‌നിബാധയുണ്ടായത്.  ഒരു വര്‍ഷമായി പൂട്ടിക്കിടന്ന ഫാക്ടറി മൂന്നു ദിവസം മുമ്പാണ് തുറന്നു പ്രവര്‍ത്തിച്ചത് .പുകക്കുഴലിന് സമീപത്ത് നിന്നുമാണ് ആദ്യം തീ കണ്ടത്. പിന്നിട് ഫാക്ടറിയുടെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഫാക്ടറിയുടെ അടുപ്പില്‍ നിന്നും തീ പടര്‍ന്നതാവാമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറി പൂര്‍ണ്ണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.ഫാക്ടറിയില്‍ നിന്നും തീ ഉയരുന്നതു കണ്ട തൊഴിലാളികള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. ഈ സമയം രാത്രി സമയത്തെ ഷിഫ്ടിലെ നാല് പേരും പകല്‍സമയത്തെ 16 പേര്‍ ഉള്‍പ്പെടെ ഇരുപത് തൊഴിലാളികള്‍ ജോലിയില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല.തീപടരുന്നത് തടയാന്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്.പിരുമേട്ടില്‍ നിന്നും അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണക്കാന്‍ കഠിന പരിശ്രമം നടത്തിയെങ്കിലും ഫാക്ടറിക്കുള്ളില്‍ ഭീമമായി ആളിക്കത്തിയ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല.  വഴിയുടെ ശോച്യാവസ്ഥ മൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് ഫാക്ടറിക്ക് സമീപം അഗ്‌നി രക്ഷ സേനകള്‍ എത്തിയത്.തുടര്‍ന്ന് കാഞ്ഞിരപ്പള്ളി, കട്ടപ്പന, മൂലമറ്റം, എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റുകളെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. പീരുമേട് പോലീസും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. തീ പിടിച്ച വിവരമറിഞ്ഞ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഫാക്ടറിയിലേക്കും പരിസര പ്രദേശത്തേക്കുമുള്ള വൈദ്യുതി ലൈനുകള്‍ പൂര്‍ണമായും വിച്ചേദിച്ചിരുന്നു. ഫാക്ടറി കെട്ടിടവും ഉപകരണങ്ങളും  തേയിലപ്പൊടിയും ഉള്‍പ്പെടെ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫാക്ടറി പൂര്‍ണ്ണമായും കത്തിനശിച്ചു.വേനല്‍മഴയെ തുടര്‍ന്ന് വന്‍തോതില്‍ പച്ചക്കൊളുന്തിന്റെ ഉദ്പതനം വര്‍ധിച്ചതിനാല്‍ മറ്റ് ഫാക്ടറികളില്‍ സംസ്‌ക്കരണം നടന്നിരുന്നില്ല.അധികം ഉണ്ടായ കൊളുന്ത് സംസക്കരിക്കാനാണ് ഫാക്ടറി തുറന്നത്.

RELATED STORIES

Share it
Top