ഏലത്തോട്ടം മാനേജറെ കാട്ടാന ചവിട്ടിക്കൊന്നു

അടിമാലി: ഭാര്യക്കും സുഹൃത്തിനുമൊപ്പം താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഏലം എസ്റ്റേറ്റ് മാനേജറെ കാട്ടാന ചവിട്ടിക്കൊന്നു. ഉടുമ്പന്‍ചോല ശാന്തിപുരം സ്വദേശി കുമാറിനെയാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ രാജാപ്പാറയിലെ ജംഗിള്‍പാലസ് എസ്റ്റേറ്റിന് സമീപം കാട്ടാന കൊന്നത്.
കുമാര്‍, ഭാര്യ കവിത, സുഹൃത്ത് ചുരുളി എന്നിവര്‍ തമിഴ്‌നാട്ടില്‍ പോയി രാത്രി പന്ത്രണ്ടരയോടെ ട്രിപ്പ് ജീപ്പില്‍ രാജാപ്പാറയിലെത്തിയശേഷം രണ്ടര കിലോമീറ്റര്‍ അകലെയുള്ള എസ്റ്റേറ്റ് ലയത്തിലേക്ക് നടന്നു പോവുമ്പോഴാണ് കാട്ടാനയുടെ മുന്നി ല്‍പ്പെട്ടത്. കവിതയും ചുരുളിയും മുന്നോട്ട് ഓടിയെങ്കിലും തിരിഞ്ഞോടിയ കുമാറിനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. അടിയേറ്റ് കുമാറിന്റെ തലയുടെ പിന്‍വശത്ത് ക്ഷതമേല്‍ക്കുകയും ചവിട്ടേറ്റ് വലതുകാല്‍ ഒടിയുകയും ചെയ്തു. കാട്ടാനയെ കണ്ട് ഓടിയ കവിതയും ചുരുളിയും തൊട്ടടുത്ത വീട്ടില്‍ അഭയംതേടി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് എത്തിയപ്പോഴേക്കും ആന പോയിരുന്നു. കാട്ടാനയെ കണ്ട ഭാഗത്തു നിന്ന് അല്‍പം മാറിയാണ് കുമാറിന്റെ മൃതദേഹം കിടന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊന്മുടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ ഡി അനില്‍കുമാര്‍, ബോഡിമെട്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ കെ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘം രാത്രി തന്നെ സ്ഥലത്തെത്തി. രാവിലെ എട്ടുമണിയോടെ ദേവികുളം റേഞ്ച് ഓഫിസര്‍ നിബു കിരണ്‍, ശാന്തന്‍പാറ എസ്‌ഐ ബി വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേ ല്‍നടപടികള്‍ സ്വീകരിച്ചു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വദേശമായ ബോഡിനായ്ക്കന്നൂര്‍ മീനാക്ഷിപുരത്ത് സംസ്‌കരിച്ചു. മക്കള്‍. പ്രിയദര്‍ശിനി (ഏഴാം ക്ലാസ് വിദ്യാര്‍ഥിനി), രശ്മി (അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി).

RELATED STORIES

Share it
Top