ഏറ്റവും വലിയ ഇഫ്താര്‍ ടെന്റുമായി ഈദ് ചാരിറ്റി ; റമദാനില്‍ പ്രതിദിനം 15,000 പേര്‍ക്ക് ഇഫ്താര്‍ നല്‍കുംദോഹ: ഇത്തവണത്തെ റമദാനില്‍ ഏറ്റവും മികച്ച ഇഫ്താറൊരുക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ശെയ്ഖ് ഈദ് ബിന്‍ മുഹമ്മദ് ആല്‍ഥാനി ചാരിറ്റബിള്‍ അസോസിയേഷന്‍ (ഈദ് ചാരിറ്റി) അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇഫ്താര്‍ കൂടാരം ഇത്തവണ ഈദ് ചാരിറ്റിയുടേതാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിന്റെ വിവിധ പ്രദേശങ്ങളിലായി 68 കേന്ദ്രങ്ങളിലാണ് ഇഫ്താര്‍ ടെന്റുകള്‍ സജ്ജമാക്കുന്നത്. പ്രതിദിനം 15,000ത്തിലധികം പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണം നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്്. റമദാനിലെ 30 ദിവസത്തിനകം 4,50,000 പേര്‍ക്കാണ് ഇഫ്താര്‍ ഭക്ഷണം ഒരുക്കുന്നത്.    ഖത്തറിലെ സുമനസ്സുകളുടെ സംഭാവന ഉപയോഗിച്ചാണ് ഇഫ്താര്‍ ഒരുക്കുന്നത്. നോമ്പെടുക്കുന്ന ഒരു വ്യക്തിക്ക് 15 റിയാലാണ് ഇഫ്താര്‍ ഭക്ഷണത്തിനായി ചെലവ് വരിക. 1000 പേര്‍ക്ക് റമദാനില്‍ ഉടനീളം ഭക്ഷണം നല്‍കാന്‍ നാലര ലക്ഷം റിയാലാണ് നല്‍കേണ്ടത്. മുന്നൂറ് പേര്‍ക്ക് കൂടാരം സജ്ജമാക്കി ഇഫ്താര്‍ നല്‍കാനായി 1,86,000 റിയാലും ഇരുന്നൂറ് പേര്‍ക്ക് 1,30,000 റിയാലും കൂടാരത്തിലല്ലാതെ 150 പേര്‍ക്ക് ഇഫ്താര്‍ നല്‍കുന്നതിന് 68,000 റിയാലുമാണ് ചെലവ് വരിക. 450 റിയാല്‍ നല്‍കി ഒരു വ്യക്തിക്ക് റമദാനില്‍ ഉടനീളം ഇഫ്താര്‍ നല്‍കുകയോ അല്ലെങ്കില്‍ മുപ്പത് പേര്‍ക്ക് ഒരു ദിവസം ഇഫ്താര്‍ നല്‍കാനോയുള്ള അവസരവും ഉണ്ട്്.   ഇഫ്താര്‍ കൂടാതെ റമദാനില്‍ ഉടനീളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയും ഈദ് ചാരിറ്റി നടപ്പാക്കുന്നുണ്ട്. ഒരു കുടുംബത്തിന് മാത്രമായി റമദാനില്‍ ഉടനീളം ഭക്ഷണം നല്‍കാന്‍ 2,700 റിയാല്‍ ചെലവ് വരും. അബു ഹമൂര്‍, മൈദര്‍, മദീനത് ഖലീഫ നോര്‍ത്ത് എന്നിവിടങ്ങളിലായാണ് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഭര്‍ത്താവ് മരിച്ചവര്‍, വിവാഹ മോചിതര്‍, രോഗികള്‍ എന്നിവര്‍ക്കെല്ലാം ഭക്ഷണം പ്രത്യേക വാഹനങ്ങളില്‍ എത്തിക്കും.

RELATED STORIES

Share it
Top