ഏനാനിമംഗലം തൂക്കുപാലം; സംരക്ഷണ ഭിത്തി പൊളിച്ചു പണിയും

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഏനാനി ഏനാനിമംഗലം തൂക്കു പാലത്തിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു പണിയുമെന്ന് നിര്‍മാണ ചുമതലയുള്ള സില്‍ക്ക് അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തിലിരിക്കുന്ന തൂക്കു പാലത്തിന്റെ തൂണിന്റെ സംരക്ഷണ ഭിത്തിയില്‍ കഴിഞ്ഞ ദിവസം വിള്ളല്‍ കണ്ടെത്തിയിരുന്നു.
ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സില്‍ക്കിന്റെ പ്രൊജക്ട് എന്‍ജിനീയര്‍ അര്‍ജുന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഭിത്തി നിര്‍മാണത്തിന് സിമന്റ് കൂട്ടിയതില്‍ അപാകതയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. സംരക്ഷണ ഭിത്തി പൂര്‍ണമായും പൊളിച്ച് പുതുക്കി പണിയുമെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിന്റെ തൂണിന്റെ സുരക്ഷയ്ക്ക് സംരക്ഷണ ഭിത്തി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷണ ഭിത്തി നിര്‍മാണത്തില്‍ അപകാതയുണ്ടെന്നും പൊളിച്ചു പണിയണമെന്നും ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കുമരംപുത്തൂര്‍-തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍  75 ലക്ഷം രൂപ ചെലവില്‍ കുന്തിപ്പുഴയ്ക്ക് കുറുകെ 62 മീറ്റര്‍ നീളത്തിലാണ് തൂക്കു പാലം നിര്‍മാണം നടക്കുന്നത്. തൂക്കു പാലത്തില്‍ നിന്ന് കരയിലേക്ക് 15 മീറ്റര്‍ റാമ്പും നിര്‍മിക്കും.

RELATED STORIES

Share it
Top