ഏതില്‍ കുത്തിയാലും താമരയ്ക്ക്; കര്‍ണാടകയിലും വോട്ടിങ് മെഷീന്‍ മറിമായം

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ തട്ടിപ്പ് നടത്തിയതായി ആരോപണം. പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിനു തകരാര്‍ കണ്ടെത്തിയത് പോളിങിനെ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ വോട്ടര്‍പ്പട്ടികയില്‍ നിന്നു പേര് അപ്രത്യക്ഷമായതും സംഘര്‍ഷത്തിനിടയാക്കി.ബംഗളൂരുവിലെ ചിലയിടങ്ങളില്‍ വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരയ്ക്ക് പോവുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പയാണ് ഇതുസംബന്ധിച്ച പരാതിയുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചത്. 'ബംഗളൂരുവില്‍ എന്റെ മാതാപിതാക്കളുടെ അപ്പാര്‍ട്ട്‌മെന്റിന് എതിര്‍വശത്ത് അഞ്ചു പോളിങ് ബൂത്തുകളുണ്ട്. രണ്ടാമത്തെ ബൂത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരയ്ക്ക് വീഴുന്നു. കുപിതരായ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താതെ തിരിച്ചുപോവുകയാണ്'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.സംഭവത്തെത്തുടര്‍ന്ന് പോളിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേടായ വോട്ടിങ് മെഷീന്‍ മാറ്റിയതിനു ശേഷം വോട്ടിങ് പുനരാരംഭിച്ചതായും അദ്ദേഹം പിന്നീട് വ്യക്തമാക്കി. നേരത്തേ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിജെപി വോട്ടിങ് മെഷീന്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു. വോട്ടിങ് മെഷീനുകള്‍ ഒഴിവാക്കി പഴയ പേപ്പര്‍ വോട്ടിങ് സമ്പ്രദായത്തിലേക്ക് പോവണമെന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെടുകയും ചെയ്തു.
ശ്രീരംഗപട്ടണത്തും ഹുബ്ബള്ളിയിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ പ്രശ്‌നം കാരണം ഭവന്‍ നഗറില്‍ രാവിലെ 8.30 വരെ വോട്ടെടുപ്പ് ആരംഭിക്കാനായില്ല.

RELATED STORIES

Share it
Top