ഏക സിവില്‍ കോഡ് : മുത്ത്വലാഖ് വിധി കാത്തിരിക്കുന്നതായിനിയമ കമ്മീഷന്‍ന്യൂഡല്‍ഹി: മുത്ത്വലാഖ് വിഷയത്തില്‍ സുപ്രിംകോടതി വിധി പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് തിരക്കുപിടിച്ച നടപടികള്‍ വേണ്ടെന്ന് നിയമ കമ്മീഷന്‍ തീരുമാനിച്ചു. ഏകീകൃത സിവില്‍ കോഡ് റിപോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ മുത്ത്വലാഖ് കേസിലെ വിധി വന്നശേഷം പരിഗണിക്കാമെന്ന നിലപാടാണ് നിയമ കമ്മീഷന്‍ സ്വീകരിക്കുന്നത്. സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് മുത്ത്വലാഖ് വിഷയം പരിഗണിക്കുന്നത്. ഈ വിധി വന്നശേഷം ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ വിവിധ വിഷയങ്ങളില്‍ നിന്നുള്ള അഭിപ്രായം തേടാനാവും നിയമ കമ്മീഷന്‍ ശ്രമിക്കുക. വ്യക്തി നിയമം എന്താണെന്ന് സംബന്ധിച്ച് മുത്ത്വലാഖ് വിധിയില്‍ സുപ്രിംകോടതി വ്യക്തത വരുത്താന്‍ സാധ്യതയുണ്ടെന്ന് നിയമ കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കരട് റിപോര്‍ട്ട് തയ്യാറാക്കുന്ന സമിതിക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രിംകോടതി വിധിയിലുണ്ടാവുമെന്നാണ് നിയമ കമ്മീഷന്‍ കരുതുന്നത്. മാര്‍ഗരേഖ ലഭിച്ചാല്‍ തുടര്‍ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഏളുപ്പമാണെന്നുള്ള നിലപാടാണ് കമ്മീഷന്റേത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറാണ് മുത്ത്വലാഖ് വിഷയം പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്നത് ഭരണകക്ഷിയായ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

RELATED STORIES

Share it
Top