ഏകീകൃത സോഫ്ട്‌വെയര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന്വൈക്കം: കേരളത്തിലെ സഹകരണ മേഖലയില്‍ ഏകീകൃതമായ ഒരു സോഫ്ട്‌വെയര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരളാ കോ ഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിന്റെ മറവില്‍ സഹകരണ മേഖലയെ തളര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമ്മേളനം ആരോപിച്ചു.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ യോജിച്ച പോരാട്ടം നടത്താന്‍ സമ്മേളനം തീരുമാനിച്ചു. വായ്പയെടുത്ത ശേഷം മരണമടഞ്ഞ വായ്പക്കാര്‍ക്കു റിസ്‌ക് ഫണ്ട് ആനുകൂല്യം യഥാസമയം ലഭ്യമാക്കുക, പ്രാഥമിക അര്‍ബന്‍ ബാങ്കുകള്‍ക്ക് സൂപ്പര്‍ ഗ്രേഡ് അനുവദിക്കുക, ബിഎംസി യൂനിറ്റുകള്‍ക്കു മില്‍മ അര്‍ഹമായ മാര്‍ജിന്‍ നല്‍കുക, ജെഡിസി കോഴ്‌സിനു മോര്‍ണിങ് ആന്റ് ഈവനിങ് ബാച്ച് ആരംഭിക്കുക, 22 മാസമായി ശമ്പളം ലഭിക്കാത്ത എംആര്‍എംടിസിഎസ് ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കുക, കലക്ഷന്‍ ഏജന്റുമാരെ സ്ഥിരപ്പെടുത്തുക, സഹകരണ ഡയഗ്‌നോസിസ് സെന്റര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുക, പൈനാപ്പിള്‍ സൊസൈറ്റി പുനരുദ്ധരിക്കുക, കേന്ദ്രം വര്‍ധിപ്പിച്ച ഗ്രാറ്റുവിറ്റി സഹകരണ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികളായി കെ പ്രശാന്ത് (പ്രസിഡന്റ്), ശ്രീരേഖ എസ് നായര്‍, ജസന്‍ തോമസ്, ജോസഫ് ഇഞ്ചിയാനി (വൈസ് പ്രസിഡന്റുമാര്‍), ടി സി വിനോദ് (സെക്രട്ടറി), കെ എം സുഭാഷ്, ജയപ്രകാശ്, എം കെ ഹരിദാസ്(ജോയിന്റ് സെക്രട്ടറിമാര്‍), കെ സുരേഷ് (ട്രഷറര്‍) എന്നിവരടങ്ങുന്ന 35 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top