ഏകീകൃത പരീക്ഷ

ന്യൂഡല്‍ഹി: അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ രാജ്യത്താകമാനം ഏകീകൃത രൂപത്തില്‍ നടത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നാഷനല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരിലാവും ഈ പരീക്ഷ അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ (എന്‍എംസി) ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.
പ്രാക്ടീസ് ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനു പ്രത്യേക പരീക്ഷ അധികമായി നടത്തരുതെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. വിദേശ മെഡിക്കല്‍ യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സ്‌ക്രീനിങ് പരീക്ഷയായും ഇത് മതിയാവും.
ആയുര്‍വേദ-യുനാനി ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് ചെയ്ത് ഒരു പരിധിവരെ ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാമെന്ന വിവാദ വ്യവസ്ഥ ബില്ലില്‍ നിന്ന് എടുത്തുകളഞ്ഞു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. ഗ്രാമീണമേഖലകളില്‍ പ്രാഥമിക ആരോഗ്യ സംരക്ഷണം പ്രോല്‍സാഹിപ്പിക്കുന്ന കാര്യങ്ങളില്‍ നടപടി എടുക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടു.
സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കല്‍പിത സര്‍വകലാശാലകളിലും ഫീസ് നിയന്ത്രണമുള്ള സീറ്റുകളുടെ എണ്ണം 40 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി. കോളജുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് കൈപ്പറ്റിയ മറ്റെല്ലാ ചാര്‍ജുകളും ഫീസില്‍ ഉള്‍പ്പെടുത്തും. കേന്ദ്ര മെഡിക്കല്‍ കമ്മീഷനില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രാതിനിധ്യം മൂന്നില്‍ നിന്ന് ആറാക്കി ഉയര്‍ത്തും. കമ്മീഷനിലെ മൊത്തം അംഗസംഖ്യയായ 25ല്‍ ചുരുങ്ങിയത് 21 പേര്‍ ഡോക്ടര്‍മാരായിരിക്കും.
നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ വ്യവസ്ഥകള്‍ മെഡിക്കല്‍ കോളജുകള്‍ നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഒരു ബാച്ചില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക ഫീസിന്റെ പകുതി മുതല്‍ പത്തു മടങ്ങ് വരെ പിഴയൊടുക്കുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടാവും. പ്രവേശനം കുറയ്ക്കല്‍, അംഗീകാരം പിന്‍വലിക്കല്‍, പ്രവേശനം തടയല്‍ തുടങ്ങിയ നടപടികളും ഉണ്ടാവും. അംഗീകാരം കൂടാതെ പ്രാക്ടീസ് ചെയ്താല്‍ ഒരു വര്‍ഷം തടവ്, അഞ്ചു ലക്ഷം രൂപ വരെ പിഴ എന്നിങ്ങനെയാണ് ശിക്ഷ.

RELATED STORIES

Share it
Top