ഏകാധിപത്യത്തിലൂടെ മറു ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണു ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം:എ എസ് സൈനബ

മലപ്പുറം: ഏകാധിപത്യ നടപടികളിലൂടെ മറു ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണു ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനമെന്ന് എന്‍ഡബ്ലിയുഎഫ് ദേശീയ പ്രസിഡന്റ് എ എസ് സൈനബ. 'ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം ജനാധിപത്യ വിരുദ്ധം: ഞങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം' എന്ന കാംപയിന്റെ ഭാഗമായി മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് നടന്ന വനിതാ ഐക്യ ദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആക്രമണോല്‍സുകമായ ഫാസിസത്തെ സംവാദങ്ങളുടെ മാത്രം ഭാഷയില്‍ പ്രതിരോധിച്ചാല്‍ മതിയാവില്ല. അപകടത്തിലായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കൊണ്ടു മാത്രമേ സാധിക്കുകയുള്ളു. പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഏകാധിപത്യ നടപടികളിലൂടെ മറു ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണു ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം. 2019 ല്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ തിരഞ്ഞെടുപ്പാകാതിരിക്കണമെങ്കില്‍ ജാഗ്രതയോടെ ഇരിക്കണം.ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനാണു ഫാഷിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിഷ്‌ക്രിയരായി മാറിനില്‍ക്കാനാണ് ഭാവമെങ്കില്‍ അത് നമ്മെത്തേടിയെത്തും. തിരിച്ചറിവ് നേടുംമ്പോഴേക്കും പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും. ജുഡീഷ്യറിയുടെ അവകാശങ്ങള്‍ പോലും വെട്ടിക്കുറച്ച് അടിസ്ഥാന വര്‍ഗ്ഗത്തിന് നീതികിട്ടുന്ന അവസാന ആശ്രയവും ഇല്ലാതാക്കുകയാണ്. ഇതിന്റെ ഇരയാണ് ഡോ. ഹാദിയ. നിലപാടില്‍ ഉറച്ചുനിന്നു പൊരുതിയത്ുകൊണ്ടു മാത്രമാണ് അവള്‍ക്കു നീതിലഭിച്ചത്. ഒറ്റപ്പെട്ടവരേ ഇല്ലാതാക്കാന്‍ എളുപ്പമാണ്. കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരേയുള്ളവരുടെ കൊലപാതകങ്ങള്‍ അതിനുള്ള ഉദാഹരണങ്ങളാണ്. പശുവിന്റെ പേരിലും മറ്റും ആക്രമണങ്ങളും കൊലകളും നടത്തുന്നവര്‍ ഇതുവരേ നിയമത്തിനു മുമ്പില്‍ അകപ്പെടാറില്ലായിരുന്നു.
ഇപ്പോള്‍ സ്ഥിതി മാറി. പോപുലര്‍ ഫ്രണ്ട് ജനങ്ങളെ ശാക്തീകരിച്ചു. ആത്മവിശ്വാസം പകര്‍ന്നു. നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രചോദനം നല്‍കി. ജാര്‍ഖണ്ഡിന്റെ ചരിത്രത്തിലാദ്യമായി  ഇത്തരം പ്രതികള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. കോര്‍പറേറ്റുകളുടെ പ്രകൃതി ചൂഷണം ചോദ്യം ചെയ്യാനും സംഘടന ജനങ്ങളെ പഠിപ്പിച്ചു. ഇതാണു മൂന്നുവര്‍ഷം  മാത്രം പ്രായമുള്ള പോപുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിക്കാന്‍ കാരണം. സ്ത്രീകളെന്ന നിലയില്‍ പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്ന നട്ടെല്ലുള്ള നിലപടിനൊപ്പമാണ് നാഷണല്‍ വിമന്‍സ് ഫ്രണ്ട്. ദിശാബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ശേഷിയുള്ള സ്ത്രീകള്‍ ഇതിനായി സദാ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയലിസത്തില്‍ നിന്ന്് ബ്രാഹ്മണാധിഷ്ഠിത ഭരണത്തിലേക്കുള്ള മാറ്റം മാത്രമാണ് ഇന്ത്യയില്‍ നടന്നതെന്നും ദലിതുകള്‍ക്കും മുസ്്‌ലിംങ്ങള്‍ക്കും ഭരണത്തിലുള്ള കൃത്യമായ പ്രാധിനിത്യമാണ് ഉണ്ടാകേണ്ടതെന്നും സാമൂഹിക പ്രവര്‍ത്തക ജാസ്മിന്‍ പറഞ്ഞു.നിരോധനത്തിനെതിരേ പോപുലര്‍ ഫ്രണ്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയ ശാക്തീകരണത്തോടൊപ്പം ക്രിയാത്മക പ്രതിപക്ഷമാകാന്‍ പിന്നാക്കക്കാര്‍ തയ്യാറാകണമെന്നു വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്  കെ കെ റൈഹാനത്ത് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. എന്‍ഡബ്ലിയുഎഫ് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഹബീബ,സംസ്ഥാന വൈസ് പ്രസിഡന്റ് നസീഹ, ദേശീയ സമിതി അംഗം പി കെ റംല, മലപ്പുറം ജില്ലാ പ്രസിഡന്റ് എം കെ സൗദ സംസാരിച്ചു.

RELATED STORIES

Share it
Top