ഏകസിവില്‍കോഡും ബഹുസ്വരതയും

വായന
ഫിറോസ് ഹസന്‍
ക സിവില്‍കോഡ് ഇന്ത്യന്‍ ബഹുസ്വരതയുടെ മുകളില്‍ ഒരു വാളുപോലെ തൂങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതേക്കുറിച്ചുള്ള ആലോചനകള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൊത്തത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. സ്ഥാനത്തും അസ്ഥാനത്തും ഇത്തരം ആവശ്യം ഉയരുന്നത് പലപ്പോഴും രാജ്യത്തിന്റെ ദേശീയതയെത്തന്നെ സംശയത്തോടെ വീക്ഷിക്കാനും ഇടവരുത്തിയിട്ടുണ്ട്. മതപരിഗണനകള്‍ കണക്കാക്കാതെ എല്ലാ പൗരന്മാര്‍ക്കും ഒരേ വ്യക്തിനിയമങ്ങള്‍ വേണമെന്നു വാദിക്കുന്നവര്‍ ഒരേ തരക്കാരല്ല. ഹിന്ദുത്വവാദികളും സെക്കുലറിസ്റ്റുകളും സ്ത്രീപ്രസ്ഥാനങ്ങളുമൊക്കെ അടങ്ങുന്നതാണ് ഈ സംഘം. അതേസമയം, ഇതിനോടു യോജിക്കുന്നവരും എന്തിനു വിയോജിക്കുന്നവര്‍ പോലും പ്രശ്‌നത്തെ അടിസ്ഥാനപരമായി മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഈ വിഷയത്തില്‍ വിവിധ തലങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അവ്യക്തത വ്യാപകമാണ്. അത്തരക്കാരെ അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ടതാണ് മൗലാനാ വഹീദുദ്ദീന്‍ ഖാന്റെ ഈ പുസ്തകം.1925ല്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനാണ്. പത്മഭൂഷന്‍, രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 16 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള വഹീദുദ്ദീന്‍ ഖാനെ ജോര്‍ദാനിലെ റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡി സെന്റര്‍ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള 25 മുസ്‌ലിം ചിന്തകരിലൊരാളായി തിരഞ്ഞെടുത്തിരുന്നു.  ഷാബാനു കേസും കോടതിവിധികളുംപൊതുസിവില്‍കോഡെന്ന ആവശ്യം സ്വാതന്ത്ര്യസമരകാലത്തു തന്നെ ഇന്ത്യയില്‍ വേരുപിടിച്ചിരുന്നു. 1928ല്‍ മോത്തിലാല്‍ നെഹ്‌റു ഇന്ത്യക്ക് ഒരു കരടു ഭരണഘടന തയ്യാറാക്കിയപ്പോള്‍ രാജ്യത്ത് സര്‍വകാര്യങ്ങള്‍ക്കും ഒരു ഏകീകൃത നിയമം ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങളോട് മതപണ്ഡിതര്‍ മാത്രമല്ല, ബ്രിട്ടിഷുകാര്‍പോലും വിയോജിച്ചു. 1939ലെ ലാഹോര്‍ കോണ്‍ഗ്രസ് വീണ്ടും ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും അവരും അത് തള്ളിക്കളയുകയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 1985ലാണ് ഏകീകൃത സിവില്‍കോഡ് വീണ്ടും ചര്‍ച്ചയിലേക്കു വന്നത്. ഷാബാനു-മുഹമ്മദ് അഹ്മദ് കേസിന്റെ വിധിപ്രസ്താവത്തിനിടയില്‍ ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് ആര്‍ട്ടിക്കിള്‍ 44 അനുസരിച്ച് എല്ലാവര്‍ക്കും ഒരേ വ്യക്തിനിയമം അനുശാസിക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. 1985ല്‍ തന്നെ മറ്റൊരു കേസില്‍ ചിന്നപ്പ റെഡ്ഡിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. 1995ല്‍ കുല്‍ദീപ് സിങ്, ആര്‍ എം സഹായ് എന്നിവരുടേതായിരുന്നു അടുത്ത ഊഴം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഏകീകരിക്കപ്പെട്ട വ്യക്തിനിയമം ആവശ്യമാണെന്ന് അവര്‍ എഴുതി. 1955ലെ ഹിന്ദു വിവാഹനിയമം, 1956ലെ ഹിന്ദു പിന്തുടര്‍ച്ചാ നിയമം, 1956ലെ ഹിന്ദു ദത്താവകാശനിയമം എന്നിവയിലൂടെ രാജ്യത്തെ 80 ശതമാനം ജനങ്ങളും ഏകീകൃത വ്യക്തിനിയമത്തിന്റെ പരിധിയിലേക്കു വന്ന സാഹചര്യത്തില്‍ മറ്റു ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നായിരുന്നു കുല്‍ദീപ് സിങിന്റെ വിധി. കാലാകാലങ്ങളില്‍ ഉണ്ടായിട്ടുള്ള ഇത്തരം കോടതി ഇടപെടലുകളെയും ശുപാര്‍ശകളെയും അത് ആവശ്യപ്പെടുന്ന ഗൗരവത്തോടെ ഈ കൃതി വിശകലനം ചെയ്തിരിക്കുന്നു. സാധാരണ പുസ്തകങ്ങളില്‍ നിന്നു വ്യത്യസ്തമായി ഏകീകൃത വ്യക്തിനിയമത്തിനനുകൂലമായ വാദഗതികളെ നേരിടാനായി പ്രശ്‌നത്തെ അതിന്റെ മൗലികതയോടെ പരിശോധിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ഘടനയെ വിമര്‍ശനവിധേയമാക്കിക്കൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. ഇന്ത്യന്‍ ഭരണഘടന പല കാര്യങ്ങളിലും ശ്രദ്ധേയമാണെങ്കിലും അതിന്റെ ദൈര്‍ഘ്യമാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. ആധുനികലോകത്തെ വികസിത രാഷ്ട്രങ്ങളുടെ ഭരണഘടനകള്‍ എല്ലാം തന്നെ സംക്ഷിപ്തമാണ്. യുഎസിന്റെ ഭരണഘടന 7000 വാക്കുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ 12 ബൃഹത്തായ ഷെഡ്യൂളുകളും 395 ആര്‍ട്ടിക്കിളുകളുമുണ്ട്. ഓരോ ആര്‍ട്ടിക്കിളിനും ഉപവിഭാഗങ്ങളുമുണ്ട്. അനാവശ്യമായ ആര്‍ട്ടിക്കിളുകളുടെ ഉള്‍പ്പെടുത്തലാണ് ഭരണഘടനയെ ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ തെളിവുസഹിതം സ്ഥാപിച്ചിട്ടുണ്ട്. ഭരണഘടനയില്‍ എല്ലാം എഴുതിവയ്ക്കുന്ന രീതിയാണ് നാം അനുവര്‍ത്തിച്ചിരുന്നത്. വൈയക്തികസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നതും ഭരണഘടനയുടെ ഈ സ്വഭാവമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. സംസ്ഥാനങ്ങള്‍ക്കു കീഴില്‍ വരുന്ന പൊതുസിവില്‍കോഡിനെ സംബന്ധിച്ച നാല്‍പത്തിനാലാം ആര്‍ട്ടിക്കിള്‍ ഗ്രന്ഥകാരന്‍ പരിശോധിക്കുന്നു. ഈ ആര്‍ട്ടിക്കിള്‍ അനുസരിച്ച് രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഏകീകൃത വസ്ത്രവും ഭക്ഷണരീതിയും ഉണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണം. ഏകീകൃത വ്യക്തിനിയമങ്ങളെ സാധൂകരിച്ചുകൊണ്ടുള്ള വാദങ്ങള്‍ ഉയര്‍ന്നുവന്നത് ഈ ആര്‍ട്ടിക്കിളില്‍ നിന്നാണ്. എല്ലാം എഴുതിവയ്ക്കണമെന്ന ഭരണഘടനാവിധാതാക്കളുടെ നിര്‍ബന്ധങ്ങളില്‍ നിന്നാണ് നാല്‍പത്തിനാലാം ആര്‍ട്ടിക്കിള്‍ രൂപംകൊണ്ടത്. ഇത് ഭരണഘടനയെ ദീര്‍ഘിപ്പിച്ചുവെന്നുമാത്രമല്ല, സമൂഹത്തില്‍ വൈരുധ്യങ്ങള്‍ക്കു കാരണമാവുകയും ചെയ്‌തെന്നു ഗ്രന്ഥം വിമര്‍ശിക്കുന്നു. ഈ ആര്‍ട്ടിക്കിള്‍ പിന്‍വലിക്കണമെന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്.  ഒരു പൊതുവ്യക്തിനിയമം ദേശീയബോധം സൃഷ്ടിക്കുമെന്ന വാദഗതികളെ ഈ ഗ്രന്ഥം ചോദ്യംചെയ്യുന്നു. ഇന്ത്യന്‍ സമൂഹത്തിലെ ഐക്യമില്ലായ്മയ്ക്ക് ബ്രിട്ടിഷ് കാലത്തെ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന നയത്തോളം പഴക്കമുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭരണകൂടത്തിന്റെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സമീപനങ്ങളും കാരണങ്ങളാണ്. അതേസമയം ഇത്തരം പ്രശ്‌നങ്ങളുടെ വേര് ഏകീകൃത വ്യക്തിനിയമത്തിന്റെ അഭാവമാണെന്ന കാഴ്ചപ്പാടിനെ ഗ്രന്ഥം ചോദ്യംചെയ്യുന്നു. നമുക്കൊരു പൊതു ക്രിമിനല്‍ നിയമമുണ്ടായിട്ടും ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടില്ലെന്നും ഒരേ സിവില്‍ കോഡിനാല്‍ ഭരിക്കപ്പെടുന്നവര്‍ക്കിടയിലും വൈരുധ്യങ്ങള്‍ പൊട്ടിപ്പെടാറുണ്ടെന്നും യുക്തിഭദ്രതയോടെ എടുത്തുകാട്ടിയിരിക്കുന്നു.  1972 ആഗസ്ത് 20ന് ആര്‍എസ്എസ് നേതാവ് ഗോള്‍വാക്കര്‍ നടത്തിയ ഒരു പ്രസംഗവും അതേത്തുടര്‍ന്ന് ഓര്‍ഗനൈസറില്‍ വന്ന ഒരു അഭിമുഖവും ഈ പുസ്തകത്തിലുണ്ട്. ദേശീയ ഐക്യത്തിന് ഒരു ഏകീകൃത സിവില്‍കോഡ് ആവശ്യമില്ലെന്ന് ഈ പ്രസംഗത്തില്‍ ഗോള്‍വാക്കര്‍ പറയുന്നുണ്ട്. നാനാത്വത്തില്‍ ഏകത്വമെന്നാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും പൊതുസിവില്‍കോഡ് അതിനു കടകവിരുദ്ധമാണെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ അദ്ഭുതത്തോടെയേ വായിക്കാനാവൂ. ഇന്ത്യന്‍ ഭരണഘടനയിലെ ഏകസിവില്‍കോഡിനെ കുറിച്ചുള്ള പരാമര്‍ശങ്ങളെയും ആര്‍എസ്എസ് നേതാവ് ചോദ്യംചെയ്യുന്നുണ്ട്. ഭരണഘടനയില്‍ ഉണ്ടെന്നുള്ള കാരണത്താല്‍ മാത്രം ഒരു കാര്യവും ഹിതകരമാവുന്നില്ലെന്നായിരുന്നു വാദം. ഇന്ത്യന്‍ മതേതരത്വ സങ്കല്‍പ്പങ്ങളെയും ഏകസിവില്‍കോഡ് വാദങ്ങളുടെ വെളിച്ചത്തില്‍ ഈ ഗ്രന്ഥം ചര്‍ച്ചചെയ്യുന്നുണ്ട്. പലപ്പോഴും മതേതരകാഴ്ചപ്പാടുകളെ പൊതു കാഴ്ചപ്പാടായി അവതരിപ്പിക്കുകയാണ് ഇന്ത്യന്‍ ബുദ്ധിജീവികളുടെ രീതി. സമീപകാല ചര്‍ച്ചകള്‍ക്ക് ചെവികൊടുക്കുന്ന ആര്‍ക്കും ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യന്‍ സെക്കുലറിസത്തിന്റെ അടിത്തട്ടിലോളം ചെന്നെത്തുന്ന വിമര്‍ശനങ്ങളാണിവ. അതേസമയം, ഏകീകൃത സിവില്‍കോഡിനെ കുറിച്ചുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ കാഴ്ചപ്പാടുകളും വിമര്‍ശിക്കപ്പെടുന്നുണ്ട്. മുസ്‌ലിംജനസമൂഹങ്ങളെ ഇളക്കിവിട്ട് വോട്ടുബാങ്കുണ്ടാക്കുന്നവരെന്ന് പല മുസ്‌ലിംസംഘടനകളെയും അദ്ദേഹം വിമര്‍ശിക്കുന്നു. സ്വന്തം നിലപാടുകള്‍ മറ്റുള്ളവരില്‍ കുത്തിച്ചെലുത്തുന്നതിനു പകരം വായനക്കാര്‍ക്ക് സ്വയം സത്യങ്ങള്‍ കണ്ടെത്താവുന്ന രീതിയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്.

RELATED STORIES

Share it
Top