എ വി ജോര്‍ജ് പിണറായിയുടെ സംരക്ഷണ കവചത്തില്‍: മുവാറ്റുപുഴ അശ്‌റഫ് മൗലവി

തിരുവനന്തപുരം: ആലുവ റൂറല്‍ മുന്‍ എസ്പി എ വി ജോര്‍ജ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സംരക്ഷണ കവചത്തിലാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ആരോപിച്ചു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദിയായ എ വി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീജിത്തിന്റെ ജീവനെടുത്തതു പോലെ ഒരുപാടു പേരുടെ ജീവനെടുക്കാന്‍ കാര്‍മികത്വം വഹിച്ച ആളാണ് ജോര്‍ജ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലിസ് ബീമാപ്പള്ളിയിലെ ആറുപേരെ വെടി വച്ചു കൊന്നത്. സിപിഎം ഭരിക്കുമ്പോള്‍ തന്നെയാണ് അബ്ദുന്നാസിര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ പോലിസിന് എ വി ജോര്‍ജ് പിടിച്ചുകൊടുക്കുന്നത്. ഇങ്ങനെ സിപിഎമ്മും സ്വന്തം താല്‍പര്യത്തിനു വേണ്ടി ഒരുപാടു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാലാണ് സിപിഎമ്മിന് ജോര്‍ജിനെ സംരക്ഷിക്കേണ്ടി വരുന്നത്.
ശക്തമായ നടപടി സ്വീകരിച്ചാല്‍ തങ്ങളുടെ പലതും പുറത്തുപറയുമെന്ന് ഭയക്കുന്നതിനാലാണ് ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാട് പിണറായി സ്വീകരിക്കുന്നത്. എ വി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ സമരവുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അശ്‌റഫ് മൗലവി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, സിയാദ്, അന്‍സാരി, എം സാലി, നിസാമുദ്ദീന്‍, അശ്‌റഫ്, സുമയ്യ റഹീം സംസാരിച്ചു.

RELATED STORIES

Share it
Top