എ വി ജോര്‍ജിന്റെ പ്രത്യേക സേനകള്‍ പറന്നത് നിയമത്തിനു മുകളിലൂടെ

കോഴിക്കോട്: എറണാകുളത്ത് ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ എസ്പി എ വി ജോര്‍ജിന്റെ പ്രത്യേക സേനകള്‍ വിഹരിച്ചത് നിയമത്തിനു മുകളിലൂടെ. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികള്‍ എ വി ജോര്‍ജ് രൂപം നല്‍കിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ആണെന്നു തെളിഞ്ഞതോടെയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരേ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടിയുണ്ടായത്.
എസ്പിയുടെ പ്രത്യേക സേന നിയമവിരുദ്ധമാണെന്നു കണ്ടെത്തി പിരിച്ചുവിടുകയും ചെയ്തിരുന്നു. ജോര്‍ജ് ഇങ്ങനെ സ്വകാര്യ സ്‌ക്വാഡിന് രൂപം നല്‍കുന്നത് ഇതാദ്യമല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറായിരിക്കെ രൂപം നല്‍കിയ സിറ്റി സ്‌പൈഡേഴ്‌സ് എന്ന പ്രത്യേക പോലിസ് സേനയും നിയമവിരുദ്ധമെന്നു കണ്ടെത്തി പിരിച്ചുവിടുകയായിരുന്നു.
എല്ലാവിധ അധികാരങ്ങളും നല്‍കി എ വി ജോര്‍ജ് രൂപം നല്‍കിയ സിറ്റി സ്‌പൈഡേഴ്‌സ് ഗുണ്ടകളെ അമര്‍ച്ച ചെയ്യാനെന്ന പേരിലാണ് രംഗത്തിറങ്ങിയത്. കമ്മീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. കമാന്‍ഡോ പരിശീലനം ലഭിച്ച ആറു പോലിസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. 2014 ഒക്ടോബറില്‍ മാവൂര്‍ റോഡ് ജങ്ഷനിലുണ്ടായ അക്രമസംഭവമാണ് സ്‌പൈഡര്‍ ഫോഴ്‌സിനു രൂപം നല്‍കാന്‍ കാരണമായത്. കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത് ഇരു സംഘവും തമ്മിലുള്ള സംഘട്ടനത്തിനു കാരണമായിരുന്നു. സഹോദരനും സംഘത്തിനുമെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് അന്ന് കേസെടുത്തത്.
ഇതുസംബന്ധിച്ചു വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് ഗുണ്ടാ സംഘങ്ങള്‍ക്കെതിരേ സ്‌പൈഡര്‍ ഫോഴ്‌സ് രൂപീകരിക്കുന്ന കാര്യം എ വി ജോര്‍ജ് പ്രഖ്യാപിച്ചത്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കായിക പരിശീലന കേന്ദ്രങ്ങളിലും ജിംനേഷ്യങ്ങളിലും വ്യാപക പരിശോധനകള്‍ നടത്തിയ ഫോഴ്‌സ് ചില സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു. അതേസമയം, ഇതിന് ഒരാഴ്ച മുമ്പു നടന്ന ഡൗണ്‍ടൗണ്‍ കോഫി ഷോപ്പ് അക്രമത്തിലെ തിരിച്ചറിഞ്ഞ പ്രതികളായ യുവമോര്‍ച്ച നേതാക്കളെ ചിലന്തികള്‍ പിടികൂടിയില്ല.എസ്പിയുടെ സ്വന്തം സേനയായതിനാല്‍ അമിതാധികാരമാണ് സ്‌പൈഡര്‍ ഫോഴ്‌സ് പ്രയോഗിച്ചത്.
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ കൂട്ടംകൂടിയിരിക്കുന്നവരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓടിച്ചുവിടുന്നതുള്‍െപ്പടെയുള്ള നടപടികള്‍ തുടര്‍ന്നപ്പോള്‍ സേനയ്‌ക്കെതിരേ പരാതി ഉയര്‍ന്നു. പിന്നീട് കോഴിക്കോട്ട് നടന്ന ചുംബന സമരത്തിലും ഈ സേന അക്രമം അഴിച്ചുവിട്ടിരുന്നു. കോഫി ഷോപ്പ് അക്രമത്തിലും ചുംബന സമരത്തിലും സംഘപരിവാരത്തിന് അനുകൂലമായ നിലപാടായിരുന്നു ജോര്‍ജ് സ്വീകരിച്ചത്. ജോര്‍ജിന്റെ സംഘപരിവാര അനുകൂല സമീപനങ്ങള്‍ മുമ്പും മറനീക്കി പുറത്തുവന്നിരുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഒമ്പത് വര്‍ഷം നീണ്ട ജയില്‍വാസത്തിനു കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ 1998 മാര്‍ച്ച് 31ന് അറസ്റ്റ് ചെയ്തത് അന്ന് കോഴിക്കോട് സിഐ ആയിരുന്ന എ വി ജോര്‍ജാണ്. അന്നത്തെ കൊച്ചി പോലിസ് കമ്മീഷണറായ മുന്‍ ഡിജിപി ജേക്കബ് തോമസ് തെളിവില്ലാതെ മഅ്ദനിയെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നപ്പോഴാണ്  എ വി ജോര്‍ജ് എത്തി മഅ്ദനിയെ അറസ്റ്റ് ചെയ്തു കോഴിക്കോട്ടേക്കു കൊണ്ടുപോയത്.
മഅ്ദനിയെ നിരപരാധിയെന്നു കണ്ട് കോടതി വിട്ടയച്ചതിനു ശേഷവും അദ്ദേഹത്തെ കേസില്‍ കുടുക്കാന്‍ എ വി ജോര്‍ജിന്റെ ശ്രമമുണ്ടായി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, ഇസ്‌ലാംവിരുദ്ധ രചനകള്‍ പ്രചരിപ്പിച്ചിരുന്ന ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മഅ്ദനിയെ ഒന്നാം പ്രതിയാക്കിയത് ജോര്‍ജിന്റെ മൊഴി പ്രകാരമാണ്.
ഇവരെ വധിക്കാന്‍ അത്യാധുനിക തോക്കുകള്‍ വാങ്ങിക്കുന്നതിനു മഅ്ദനി സഹായം നല്‍കിയിരുന്നുവെന്നാണ് എ വി ജോര്‍ജ് മാറാട് കമ്മീഷന്‍ മുമ്പാകെ നല്‍കിയിരുന്ന മൊഴി.

RELATED STORIES

Share it
Top