എ വി ജോര്‍ജിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം വൈകിയേക്കും

കൊച്ചി: വരാപ്പുഴ ദേവസ്വം പാടം ഷേണായി പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ എസ് ആര്‍ ശ്രീജിത്ത് (29) പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം വൈകിയേക്കുമെന്നു സൂചന. കേസ് അന്വേഷിക്കുന്ന ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എ വി ജോര്‍ജിനെ കഴിഞ്ഞദിവസം നാലര മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇതിനു ശേഷം ജോര്‍ജിനെ വിട്ടയച്ചെങ്കിലും ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. ഇവ വീണ്ടും പരിശോധിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂ. നേരത്തെയും ജോര്‍ജിനെ പലതവണ ചോദ്യംചെയ്തിരുന്നു. എ വി ജോര്‍ജിന്റെ സസ്‌പെന്‍ഷന് ശേഷം നടത്തിയ ചോദ്യംചെയ്യലില്‍ പ്രധാനമായും അദ്ദേഹം നടത്തിയ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയതെന്നാണു സൂചന.
വകുപ്പുതല നടപടിയും അന്വേഷണവും നടക്കുന്നുണ്ടെങ്കിലും കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണു വീണ്ടും ചോദ്യംചെയ്യാനായി ജോര്‍ജിനെ വിളിപ്പിച്ചതെന്നാണ് അറിയുന്നത്. വരാപ്പുഴയില്‍ വാസുദേവന്റെ വീട് ആക്രമണക്കേസില്‍ അതിവേഗത്തില്‍ നടപടിയെടുക്കാന്‍ എ വി ജോര്‍ജിന് രാഷ്ട്രീയ സമ്മര്‍ദങ്ങളുണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
നേരത്തെ കേസില്‍ അറസ്റ്റിലായ സി ഐ ക്രിസ്പിന്‍ സാം അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യംചെയ്തപ്പോള്‍ ജോര്‍ജിന്റെ പേര് പരാമര്‍ശിച്ചിരുന്നു. എ വി ജോര്‍ജിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളാണു ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്തിനെ വീട്ടില്‍ നിന്നു പിടിച്ചതു മുതല്‍ പോലിസ് വാഹനത്തില്‍ കയറ്റുന്നതു വരെ ഇവര്‍ ക്രൂരമായി മര്‍ദിച്ചുവെന്നു മരിച്ച ശ്രീജിത്തിന്റെ ഭാര്യയും അമ്മയും അയല്‍വാസിയും അന്വേഷണ സംഘത്തിനു മൊഴിനല്‍കിയിരുന്നു. പറവൂര്‍ സിഐ ആയിരുന്ന ക്രിസ്പിന്‍ സാം, എസ്‌ഐ ആയിരുന്ന ജി എസ് ദീപക്, ആര്‍ടിഎഫ് അംഗങ്ങള്‍, വരാപ്പുഴ സ്റ്റേഷനിലെ മറ്റു പോലിസുകാര്‍ എന്നിവരടക്കമുള്ളവരെ ചോദ്യംചെയ്ത ശേഷം അന്വേഷണ സംഘം നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തത്.
കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ എ വി ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. അതേസമയം, കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എസ്‌ഐ ജി എസ് ദീപക്, റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഈ മാസം 30 വരെ വീണ്ടും റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top