എ വി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു ഹരജി

പറവൂര്‍: ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച കേസില്‍ നിന്ന് ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരേ സമര്‍പ്പിച്ച ഹരജി പറവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ ഇന്നു വിശദീകരണം നല്‍കാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ എ വി ജോര്‍ജിന് നേരിട്ട് പങ്കുണ്ടോയെന്നു മാത്രമാണ് നിലവില്‍ അന്വേഷിക്കുന്നതെന്നും ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതും വ്യാജ തെളിവുകളുണ്ടാക്കിയത് അടക്കമുള്ള കുറ്റങ്ങളിന്മേല്‍ അന്വേഷണം നടക്കുന്നില്ലെന്നും കാണിച്ച് എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് വി എം ഫൈസലാണ് കോടതിയെ സമീപിച്ചത്.
കേസില്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണ്. എ വി ജോര്‍ജിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ആര്‍ടിഎഫുകാര്‍ രാത്രിയില്‍ വീട്ടിലെത്തി ശ്രീജിത്തിനെയും സഹോദരനെയും അറസ്റ്റ് ചെയ്തത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ മറവില്‍ എ വി ജോര്‍ജിനെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നു. അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് ജോര്‍ജിനെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതിനു പിന്നിലെന്നും ഹരജിയില്‍ ആരോപിക്കുന്നു.
കേസില്‍ പ്രതിയല്ലാത്ത ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ ആര്‍ടിഎഫിനു നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമായ നടപടിയാണ്. ശ്രീജിത്ത് കൊല്ലപ്പെട്ടപ്പോള്‍ വിനീഷ് എന്നയാളുടെ പേരില്‍ വ്യാജ മൊഴിയുണ്ടാക്കി വാട്ട്‌സ്ആപ്പ് വഴി ചാനലുകള്‍ക്ക് മുന്‍ റൂറല്‍ എസ്പി അയച്ചുനല്‍കിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് എ വി ജോര്‍ജിനെ പ്രതിചേര്‍ക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അഡ്വ. എ രാജസിംഹന്‍ മുഖേന നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top