എ വി ജോര്‍ജിനെ പ്രതിചേര്‍ക്കേണ്ടെന്ന നിയമോപദേശത്തിനെതിരേ പ്രതിഷേധം ശക്തം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രതിചേര്‍ക്കേണ്ടെന്ന നിയമോപദേശത്തിനെതിരേ പ്രതിഷേധം ശക്തം. സംഭവത്തില്‍ എ വി ജോര്‍ജിന് പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീജിത്തിന്റെ അമ്മ ശ്യാമള മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. സമഗ്രമായ അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും ശ്യാമള പറഞ്ഞു. വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രതിചേര്‍ക്കാന്‍ സാധിക്കില്ലെന്ന നിയമോപദേശം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസിലെ രാഷ്ട്രീയ ഇടപെടലുക ള്‍ മറച്ചുവയ്ക്കാനാണു പിണറായി വിജയന്‍ ശ്രമിക്കുന്നത്. കുറ്റക്കാരെ മുഴുവന്‍ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് ഉറപ്പു പറഞ്ഞിട്ട് ഇപ്പോള്‍ പിന്നോട്ടു പോവാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണക്കേസി ല്‍ നിന്ന് എ വി ജോര്‍ജിനെ ഒഴിവാക്കാനുള്ള നടപടിയെ ചോദ്യംചെയ്ത് കെപിസിസി പ്രസിഡന്റ് എം എം ഹസനും രംഗത്തെത്തി.  രാഷ്്രടീയപ്രേരിതവും സിപിഎമ്മിന്റെ പങ്ക് പുറത്തുവരാതിരിക്കാനുള്ള ഗൂഢാലോചനയുമാണ് ഇതിനു പിന്നില്‍. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യമാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നും എം എം ഹസന്‍ പറഞ്ഞു.

RELATED STORIES

Share it
Top