എ ഗ്രേഡുകളുടെ തിളക്കവുമായി പിണങ്ങോട് ഡബ്ല്യൂഒഎച്ച്എസ്എസ്‌

കല്‍പ്പറ്റ: തൃശൂരില്‍ സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസിന് ജില്ലയില്‍ ഒന്നാംസ്ഥാനം. ജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചത് പിണങ്ങോട് സ്‌കൂളാണ്. മല്‍സരിച്ച 120 പേരും ഗ്രേസ് മാര്‍ക്കിന് അര്‍ഹരായി. കലാരംഗത്തെ വര്‍ഷങ്ങളായുള്ള ആധിപത്യം വിദ്യാലയം നിലനിര്‍ത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒപ്പന, വട്ടപ്പാട്ട്, ഇംഗ്ലീഷ് സ്‌കിറ്റ്, അറബിക് നാടകം എന്നീ ഗ്രൂപ്പിനങ്ങളില്‍ എ ഗ്രേഡ് നേടി. പെന്‍സില്‍ ഡ്രോയിങില്‍ കെ ജി അനിരുദ്ധ്, അറബി തര്‍ജമയില്‍ ബരീറ, പ്രസംഗത്തില്‍ ഷിബ്‌ല ഷെറിന്‍, ലളിതഗാനം, ഗസല്‍, മലയാളം പദ്യംചൊല്ലല്‍ എന്നീ ഇനങ്ങളില്‍ ഷാര്‍ലറ്റ് എസ് കുമാര്‍ എ ഗ്രേഡ് നേടി. ഒപ്പനയിലെ പ്രധാന പാട്ടുകാരി കൂടിയാണ് ഷാര്‍ലറ്റ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോല്‍ക്കളി, അറബനമുട്ട്, ഒപ്പന, വഞ്ചിപ്പാട്ട്, തിരുവാതിര എന്നീ ഗ്രൂപ്പിനങ്ങളില്‍ മല്‍സരിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായി. ഗിറ്റാറില്‍ അമിത് ജോസ് പോള്‍, മാപ്പിളപ്പാട്ടില്‍ നിദ ഫാത്തിമ, ഹിന്ദി പദ്യംചൊല്ലലില്‍ ബഹിജ തമന്ന, അറബി കവിതാ രചനയില്‍ സനനൗറിന്‍ എന്നിവര്‍ എ ഗ്രേഡ് നേടി. കീര്‍ത്തന ബി ശിവദാസ് ഹിന്ദി ഉപന്യാസത്തിലും സന നൗറിന്‍ അറബി കഥാരചനയിലും ബി ഗ്രേഡ് നേടി. കഴിഞ്ഞ സംസ്ഥാന കലോല്‍സവത്തില്‍ കോല്‍ക്കളിയിലും ഗിറ്റാറിലും ഒന്നാംസ്ഥാനം നേടിയിരുന്നു. അനിരുദ്ധ്, ബരീറ, നിത ഫാത്തിമ, അമിത് ജോസ് പോള്‍, സനനൗറിന്‍, ഷാര്‍ലറ്റ് എസ് കുമാര്‍, കീര്‍ത്തന ബി ശിവദാസ് എന്നിവര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെയും ജോതാക്കളാണ്. ഒപ്പന, അറബനമുട്ട്, കോല്‍ക്കളി, തുടങ്ങിയ മാപ്പിള കലകളിലും അറബിക് നാടകത്തിലും വര്‍ഷങ്ങളായി ഈ വിദ്യാലയം സംസ്ഥാന തലത്തില്‍ വിജയം നേടുന്നുണ്ട്. സംസ്ഥാനതല ഗണിത, സാമൂഹികശാസ്ത്ര, ശാസ്ത്രമേളകളിലും മികച്ച വിജയം കൈവരിച്ചിരുന്നു. വിജയികളെ പിടിഎ അനുമോദിച്ചു. പ്രസിഡന്റ് കെ കെ ഹനീഫ, പ്രിന്‍സിപ്പല്‍ താജ് മന്‍സൂര്‍, പ്രധാനാധ്യാപകന്‍ പി മുഹമ്മദ് അസ്‌ലം, മദര്‍ പിടിഎ പ്രസിഡന്റ് സല്‍മ സലാം, ടി അബ്ദുല്‍ മജീദ്, കെ അബ്ദുല്‍ സലാം, ടി കൃഷ്ണദാസ്, കെ കെ ഷഫീഖ്, ഷീജ ചാക്കോ, കെ എന്‍ ബിന്ദു സംസാരിച്ചു.

RELATED STORIES

Share it
Top