എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്നാവശ്യം

കൊച്ചി: ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ട ഇന്ന് തന്നെ കേസ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും. ശശീന്ദ്രന് എതിരേ നല്‍കിയ കേസുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തക നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിജെഎം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മി സമര്‍പ്പിച്ച ഹരജി സിജെഎം കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരേ മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശശീന്ദ്രന് എതിരെ പരാതി നല്‍കിയെങ്കിലും പോലിസും അധികാരികളും നടപടി സ്വീകരിക്കാതിരുന്നതിനാലാണ് മാധ്യമപ്രവര്‍ത്തക കോടതിയില്‍ പരാതി നല്‍കിയതെന്ന് മഹാലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകയുടെ ടെലിഫോണ്‍ സംഭാഷണം വാര്‍ത്തയാക്കിയതിന് മറ്റു ചിലര്‍ക്കെതിരെയും ക്രിമിനല്‍ കേസുള്ളതായി മഹാലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. കേസും കൗണ്ടര്‍ കേസുകളുമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഈ കേസുകളില്‍ ഒന്നിനു പുറകെ ഒന്നായി വിചാരണ നടത്തുകയാണ് വേണ്ടത്. പക്ഷെ, സിജെഎം കോടതി മാധ്യമപ്രവര്‍ത്തകയുടെ കേസ് മാത്രം പരിഗണിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് സിജെഎം കോടതി കേസ് തീര്‍പ്പാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കുക എന്ന വകുപ്പുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തതും ജാമ്യം ലഭിക്കാത്തതുമാണ്. അതിനാലാണ് ഈ കേസില്‍ താന്‍ ഇടപെട്ടത്. പക്ഷെ, നിയമങ്ങളൊന്നും പാലിക്കാതെ മജിസ്‌ട്രേറ്റ് ഹരജി തള്ളി. അതിനാല്‍, മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധമാണ്. പ്രോസിക്യൂഷന്റെ എല്ലാ തെളിവുകളും പരിശോധിക്കാതെയാണ് കേസ് തീര്‍പ്പാക്കിയിരിക്കുന്നത്. പരാതിക്കാരി ഹാജരായില്ലെങ്കില്‍ പോലും ഇത്തരം കേസുകള്‍ തീര്‍ക്കാനാവില്ല. സാക്ഷികളെ പോലും വിസ്തരിച്ചിരുന്നില്ലെന്നും മഹാലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top