എ കെ ശശീന്ദ്രനെതിരായ നടപടി ഒഴിവാക്കണമെന്ന ഹരജി മാധ്യമപ്രവര്‍ത്തക പിന്‍വലിച്ചു

കൊച്ചി: മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി സംഭവത്തിലെ പരാതിയും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരാതിക്കാരി തന്നെ പിന്‍വലിച്ചു. ഇതോടെ കേസിലെ നടപടികള്‍ ഇനി വിചാരണക്കോടതിയില്‍ മാത്രമാവും. താനും മുന്‍ മന്ത്രിയും തമ്മില്‍ ക്രിമിനല്‍ കേസിനിടയാക്കിയ പ്രശ്‌നങ്ങള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നും ഈ സാഹചര്യത്തില്‍ തിരുവന്തപുരം സിജെഎം കോടതിയില്‍ താന്‍ നല്‍കിയ പരാതിയും തുടര്‍നടപടികളും റദ്ദാക്കണമെന്നുമാണ് ഹരജിയില്‍ മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടിരുന്നത്.കെഎസ്ആര്‍ടിസിയുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയെ കണ്ട് വാര്‍ത്തയുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ചെന്നപ്പോഴും പിന്നീടും അശ്ലീല പദ പ്രയോഗങ്ങള്‍ നടത്തിയെന്നും ആഭാസകരമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നത്. ഫോണില്‍ നിരന്തരം അധാര്‍മിക സംസാരങ്ങള്‍ നടത്തുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയില്‍ ശശീന്ദ്രനെ പ്രതി ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. എന്നാല്‍, ശശീന്ദ്രനും പരാതിക്കാരിയായ താനുമായി വിഷയം രമ്യമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍ത്തതായി കാണിച്ചാണ് ഹൈക്കോടതിയെ ഇവര്‍ സമീപിച്ചത്. എന്തു പൊതുതാല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചതെന്ന് ഇന്നലെ ഹരജി പരിഗണിച്ചയുടന്‍ ഹൈക്കോടതി ചോദിച്ചു. അന്വേഷണ കമ്മീഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി തേടി. രണ്ടു സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണിതെന്നും കേസിലെ ഒരു വകുപ്പ് ഒഴിച്ച് ബാക്കിയെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വാദിയും പ്രതിയും തമ്മില്‍ ധാരണയിലായാല്‍ പിന്നെ പ്രോസിക്യൂഷന് വിചാരണ നന്നായി നടത്താനാവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് അങ്ങനെ ഒത്തുതീര്‍ക്കാന്‍ അനുവദിക്കരുതെന്നും വാദിയും പ്രതിയും മാത്രമല്ല സമൂഹവും കേസില്‍ പ്രസക്തമാണെന്ന ഇടപെടല്‍ അപേക്ഷ നല്‍കിയവരുടെ അഭിഭാഷകര്‍ വാദിച്ചു. പരാതി പിന്‍വലിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം വിചാരണക്കോടതി തന്നെ തള്ളിയതാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top