എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ അന്തരിച്ചു

കാസര്‍കോട്: ദേളി ജാമിഅ സഅദിയ്യ അറബിയ്യ പ്രിന്‍സിപ്പലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എപി വിഭാഗം) വൈസ് പ്രസിഡന്റുമായ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ (77) അന്തരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കോഴിക്കോട് ഫാറൂഖ് കോളജിനു സമീപം അണ്ടിക്കാടന്‍കുഴിയില്‍ പണ്ഡിത കുടുംബത്തിലാണ് ജനനം. നാട്ടിലെ പ്രാഥമിക പഠനത്തിനു ശേഷം പത്താം വയസ്സില്‍ തലശ്ശേരി മട്ടാമ്പുറം പള്ളി ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ല്യാര്‍ (ഇരുമ്പുചോല ദര്‍സ്), ഒ കെ സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (ചാലിയം ദര്‍സ്) എന്നിവരുടെ കീഴില്‍ പഠിച്ചു.
1968ല്‍ പട്ടിക്കാട് ജാമിഅയില്‍ നിന്ന് ഫൈസി ബിരുദം നേടി. കൊണ്ടോട്ടിക്ക് സമീപം ഒളവട്ടൂരിലായിരുന്നു ആദ്യ ദര്‍സ്. മൂന്നു വര്‍ഷം അവിടെ സേവനമനുഷ്ഠിച്ച ശേഷം ഇ കെ ഹസന്‍ മുസ്‌ല്യാരുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ നാടായ പുത്തൂപാടത്തെ ദര്‍സില്‍ ചേര്‍ന്നു. മൂന്നു വര്‍ഷം അവിടെ സേവനം അനുഷ്ഠിച്ചു. കടമേരി റഹ്മാനിയ കോളജ്, പേരാമ്പ്ര പന്തരിക്കര, രാമനാട്ടുകര ചമല്‍ മസ്ജിദ്, തിരൂര്‍ നടുവിലങ്ങാടി ദര്‍സുകളില്‍ സേവനം ചെയ്തു. പരേതനായ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാരുടെ ആവശ്യപ്രകാരം 1985ല്‍ ജാമിഅ സഅദിയ്യയില്‍ മുദരിസായി പ്രവര്‍ത്തിച്ചു. പി എ ഉസ്താദിന്റെ മരണശേഷം 1996 മുതല്‍ സഅദിയ്യ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. 2011 മുതല്‍ മുശാവറ വൈസ് പ്രസിഡന്റായി.
ഭാര്യമാര്‍: ഫാത്തിമ സഹ്‌റ, പരേതയായ ആയിശക്കുട്ടി. മക്കള്‍: അബ്ദുല്‍ വഹാബ് (അജ്മാന്‍), അബ്ദുല്‍ വാഹിദ് സഅദി (സിറാജുല്‍ ഹുദ), ജാബിര്‍ (ദുബയ്), റബീഅ, റാഫിദ. മരുമക്കള്‍: അബ്ദുല്‍ ഹമീദ് സഅദി (താമരശ്ശേരി), അബ്ദുല്‍ ജലീല്‍ സഖാഫി (പുത്തൂര്‍പാടം). സഹോദരങ്ങള്‍: എ കെ മഹ്മൂദ് മുസ്‌ല്യാര്‍, പരേതനായ എ കെ വി മൊയ്തീന്‍ മുസ്‌ല്യാര്‍.

RELATED STORIES

Share it
Top