എ എന്‍ ഷംസീറിന്റെ വെളിപ്പെടുത്തല്‍; സിപിഎം വെട്ടിലായി

കണ്ണൂര്‍: എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടക്കവെ പരോക്ഷ കുറ്റസമ്മതമെന്നോണം തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിന്റെ വെളിപ്പെടുത്തലോടെ സിപിഎം നേതൃത്വം കടുത്ത പ്രതിരോധത്തിലായി.
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ, ഷുക്കൂര്‍ വധത്തെക്കുറിച്ച് വിശദീകരിക്കവെ ഷുക്കൂര്‍ വധത്തില്‍ ബന്ധമില്ലെന്നു സിപിഎം പറഞ്ഞിട്ടില്ലെന്ന് എ എന്‍ ഷംസീര്‍ വെളിപ്പെടുത്തിയത്. അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍ ബന്ധമില്ലെന്നു തങ്ങള്‍ പറഞ്ഞില്ലല്ലോ. അത് ഒരു പ്ലാന്‍ഡ് മര്‍ഡര്‍ ഒന്നുമല്ല. അതൊരു മാസ് സൈക്കോളജിയാണ്. ഒരു ജനക്കൂട്ടം ആക്രമിച്ചു നടന്ന സംഭവമാണ്. തങ്ങള്‍ അതു ന്യായീകരിക്കാന്‍ വന്നിട്ടില്ല. തങ്ങള്‍ ആ സംഭവം ഇല്ലെന്നു പറഞ്ഞിട്ടില്ല. തങ്ങളുടെ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പറഞ്ഞിട്ടില്ല. ഇതായിരുന്നു എംഎല്‍എയുടെ വാക്കുകള്‍. ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെ പ്രതിയായ കേസില്‍ ഇതുവരെ കൊലപാതകവുമായി ബന്ധമുണ്ടെന്നു സിപിഎം സമ്മതിച്ചിരുന്നില്ല.
ഷംസീറിന്റെ ഏറ്റുപറച്ചില്‍ സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു മുസ്‌ലിംലീഗ് രംഗത്തെത്തിയിട്ടുണ്ട്. 2012ല്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവരുടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായതിന്റെ തുടര്‍ച്ചയായിരുന്നു ഷുക്കൂറിന്റെ കൊലപാതകം. രണ്ടുമണിക്കൂറിലധികം ഷുക്കൂറിനെ തടഞ്ഞുവച്ചു വിചാരണ ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കേസിനെ തുടര്‍ന്ന് കണ്ണൂരിലെ സിപിഎമ്മിന്റെ ഉന്നത നേതാക്കളെല്ലാം സംശയത്തിന്റെ നിഴലിലായിരുന്നു. പി ജയരാജനെയും ടി വി രാജേഷിനെയും പോലിസ് പലതവണ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ, ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും രാജേഷ് കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്, തളിപ്പറമ്പിലെ സിപിഎം നേതാവായിരുന്ന വാടി രവിയുടെ മകന്‍ ബിജുമോന്‍ എന്നിവരുള്‍പ്പെടെ 18 പേരടങ്ങുന്ന പ്രതിപ്പട്ടിക പോലിസ് സമര്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
നേരത്തേ പി ജയരാജനും ടി വി രാജേഷും സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് കേസന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നു.

RELATED STORIES

Share it
Top