എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമംഹരജി പിന്‍വലിക്കണെമന്ന് ഹിന്ദുത്വ സംഘടന

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാ ഹരജി പിന്‍വലിക്കണെമന്ന ആവശ്യവുമായി ഹിന്ദുത്വ തീവ്രവാദി സംഘടന. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാ ഹരജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദുമഹാ സഭ പ്രവര്‍ത്തകര്‍ സ്വന്തം രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി.
ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നുള്ള ഹിന്ദുമഹാ സഭ പ്രവര്‍ത്തകരാണ് രക്തം ഉപയോഗിച്ച് മോദിക്ക് കത്തെഴുതിയത്. സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം രാം ലീല മൈതാനിയില്‍ സമരം ആരംഭിക്കുമെന്നുമാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ഭീഷണി. ഈ മാസം 18നാണ് 1989ലെ എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി തേടണമെന്നു സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞത്. ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചിന്റേതായിരുന്നു വിധി.
അറസ്റ്റിനു മുമ്പ് ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. എന്നാല്‍, രാജ്യത്തെ ദലിത് സംഘടനകള്‍ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനു പിന്നാലെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി നല്‍കിയിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപകമായ സംഘര്‍ഷങ്ങളും പ്രതിഷേധക്കാര്‍ക്കു നേരെ പോലിസും സംഘപരിവാര പ്രവര്‍ത്തകരും വെടിവയ്പ് നടത്തുകയും 10ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് പോലിസ് സമരത്തെ നേരിട്ടത്. പ്രതിഷേധത്തില്‍ സംഘപരിവാര സംഘടനകളുടെ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി അക്രമങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഘപരിവാര സംഘടനയായ അഖില ഭാരതീയ ഹിന്ദുമഹാ സഭ പരസ്യമായി സര്‍ക്കാര്‍ നിലപാടിനെതിരേ രംഗത്തെത്തിയത്. സര്‍ക്കാരിന്റെ പുനപ്പരിശോധനാ ഹരജി പരിഗണിച്ചിരുന്നുവെങ്കിലും മാര്‍ഗനിര്‍ദേശം സ്‌റ്റേ ചെയ്യുന്നതിന് സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.
കോടതി വിധി പട്ടികജാതി, പട്ടികവര്‍ഗത്തിന് എതിരല്ലെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് നിര്‍ദേശം നല്‍കിയതെന്നുമായിരുന്നു ബെഞ്ച് വ്യക്തമാക്കിയത്. ഉത്തരവ് വായിക്കാത്തവരാണ് രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന്, കേന്ദ്രസര്‍ക്കാരിന്റെ പുനപ്പരിശോധനാ ഹരജി പരിഗണിക്കുന്നത് 10 ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

RELATED STORIES

Share it
Top