എസ്്‌സി-എസ്ടി സംവരണം: സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും- എ കെ ബാലന്‍

തിരുവനന്തപുരം: എയ്ഡഡ് കോളജ് നിയമനങ്ങളില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം പാലിക്കേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ സ ര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പട്ടികജാതി-വര്‍ഗ സാമൂഹികനീതി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. യുജിസി ചട്ടപ്രകാരം കേന്ദ്ര സംവരണനയം ന്യൂനപക്ഷേതര സ്വകാര്യ എയ്ഡഡ് കോളജുകള്‍ക്ക് ബാധകമല്ലെന്നും സ്വകാര്യ എയ്ഡഡ് കോളജിലെ നിയമനാധികാരി മാനേജ്‌മെ ന്റാണെന്നുമാണ് ഡിവിഷന്‍ ബെഞ്ച് വിധി പറയുന്നത്. അതിനാല്‍ തന്നെ സംവരണ മാനദണ്ഡം സര്‍വകലാശാലകളിലെ സ്വകാര്യ കോളജുകള്‍ക്ക് ബാധകമാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.  എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റാണ് നിയമനം നടത്തുന്നതെങ്കിലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് അവര്‍ക്ക് ശമ്പളം നല്‍കുന്നത്. അപ്രകാരം ശമ്പളം നല്‍കി നിയമനം നടത്തുന്ന തസ്തികകളില്‍ സംവരണം അടക്കമുള്ള സാമൂഹികനീതി ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ 60 ശതമാനത്തിലധികവും സ്വകാര്യ എയ്ഡഡ് മാനേജ്‌മെന്റുകളുടെ കൈവശമാണ്. വിദ്യാഭ്യാസമേഖലയില്‍ 8,000 കോടി രൂപയോളം സര്‍ക്കാര്‍ വര്‍ഷംതോറും ചെലവഴിക്കുന്നുണ്ട്. അതില്‍ നല്ലൊരു പങ്ക് എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിനാണ്. ഇന്നു സംസ്ഥാനത്തുള്ള 1,14,000ഓളം അധ്യാപകരില്‍ 462 പേര്‍ മാത്രമാണ് എസ്്‌സി-എസ്്ടി വിഭാഗത്തില്‍നിന്നുള്ളവര്‍. യഥാര്‍ഥത്തില്‍ 10 ശതമാനം സംവരണത്തിന് അര്‍ഹതയുള്ള ഈ വിഭാഗങ്ങള്‍ക്ക് മാനേജ്‌മെന്റ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതുകൊണ്ടു മാത്രം ജോലി ലഭിക്കാതെ വരുന്ന സ്ഥിതിയാണുള്ളത്. സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top