എസ്സാര്‍ ഉടമയ്ക്ക് വിദേശത്ത് പോവാന്‍ അനുമതി നല്‍കിയത് രണ്ടുതവണ

ന്യൂഡല്‍ഹി: 2014ല്‍ യുപിഎ സര്‍ക്കാരിനെതിരേ ബിജെപി ആയുധമാക്കിയ 2ജി അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ വിദേശത്തു പോവുന്നതിന് സൗകര്യമൊരുക്കിയതായി വെളിപ്പെടുത്തല്‍. സിബിഐ പ്രത്യേക കോടതിയില്‍ വിചാരണ നേരിടുന്ന എസ്സാര്‍ ഗ്രൂപ്പിന്റെ രവികാന്ത് റുവിയയ്ക്കാണ് റഷ്യയിലേക്കും സ്വിറ്റ്‌സര്‍ലന്റിലേക്കും പോവുന്നതിന് ബിജെപി സര്‍ക്കാര്‍ സൗകര്യമൊരുക്കിക്കൊടുത്തത്. 2015 അവസാനം വിദേശയാത്രയ്ക്ക് പോവാനുള്ള റുവിയയുടെ അപേക്ഷയെ എതിര്‍ക്കാതെ സിബിഐ സഹായകമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് എസ്സാര്‍ വൈസ് ചെയര്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ് പോയത്. സ്വിറ്റ്‌സര്‍ലന്‍ഡ് യാത്രാവേളയിലാണ് 13 ബില്യന്‍ ഡോളറിന്റെ റോസ്‌നെറ്റ്-എസ്സാര്‍ കരാറിന്റെ പ്രാഥമിക രൂപമായത്. റുവിയയും ലൂപ്പ് ടെലികോംസിന്റെ കിരണ്‍ കൈത്താനും ചേര്‍ന്ന് 2ജി സ്‌പെക്ട്രം ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാരിനെ വഞ്ചിക്കുന്നതിന് ഗൂഢാലോചന നടത്തിയതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, എസ്സാര്‍ ഗ്രൂപ്പ് ഈ ആരോപണം നിഷേധിച്ചിരുന്നു. സിബിഐ പ്രത്യേക കോടതി എസ്സാര്‍ ഗ്രൂപ്പ് ഉടമയ്ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. വിദേശയാത്ര പോവണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി തേടണം. 2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ കോടതി ഡിസംബര്‍ 21ന് വിധിപറയാനിരിക്കുകയാണ്. 2015 ഡിസംബറിന് മുമ്പ് സിബിഐ ഓപണ്‍ കോടതിയില്‍ നിരവധി തവണ റുവിയയുടെ വിദേശത്ത് പോവാനുള്ള അപേക്ഷയെ എതിര്‍ത്തിരുന്നു. 2015 ഏപ്രിലില്‍ റഷ്യയില്‍ പോവാനുള്ള അപേക്ഷ എതിര്‍ത്തുകൊണ്ട് സിബിഐ പറഞ്ഞത് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയാല്‍ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നാണ്. അതിനു പുറമേ റുവിയക്ക് യാത്രാനുമതി നല്‍കുന്ന വേളയില്‍, അദ്ദേഹം വിദേശയാത്രയ്ക്കു വേണ്ടി നിരന്തരം അപേക്ഷ നല്‍കുകയാണെന്നും ഇത് ആവര്‍ത്തിച്ചാല്‍ ജാമ്യം നിരസിക്കുന്നതിന് സിബിഐക്ക് നടപടി എടുക്കാമെന്നും സിബിഐ ജഡ്ജി ഒപി സെയ്‌നി ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും 2015 ഡിസംബര്‍ 16ന് വിദേശത്ത് പോവാന്‍ അനുമതി തേടി റുവിയ സിബിഐ പ്രത്യേക കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ സിബിഐ അഭിഭാഷകന്‍ അതിനെ എതിര്‍ത്തില്ലെന്നതു കൗതുകകരമാണ്. 2015 ഡിസംബര്‍ 23 മുതല്‍ 25 വരെയുള്ള യാത്രയ്ക്കു വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ റുവിയ പറഞ്ഞത് താന്‍ പ്രധാനമന്ത്രിയുടെ യാത്രാസംഘത്തില്‍ അംഗമാണെന്നും അതുകൊണ്ട് അനുമതി നല്‍കണമെന്നുമാണ്.

RELATED STORIES

Share it
Top