എസ്റ്റേറ്റ് തൊഴിലാളിയുടെ ഭാര്യക്ക് ആനുകൂല്യം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തൊടുപുഴ: ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റില്‍ 28 വര്‍ഷം ജോലി ചെയ്ത തൊഴിലാളിയുടെ ഭാര്യക്ക് ഭര്‍ത്താവിന്റെ ആനുകൂല്യമായി ലഭിക്കാനുള്ള 4645 രൂപയും ന്യായമായ പലിശയും ഇടുക്കി ജില്ലാ ലേബര്‍ ഓഫീസര്‍ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വണ്ണപ്പുറം സ്വദേശിനി മേരി പാപ്പച്ചന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി മോഹനദാസിന്റെ ഉത്തരവ്.
ഭര്‍ത്താവ് പാപ്പച്ചന്‍ മലയാളം എസ്റ്റേറ്റില്‍ 28 വര്‍ഷം ജോലി ചെയ്തതാണെന്നും പെന്‍ഷനാകാന്‍ എട്ട് മാസമുള്ളപ്പോള്‍ ജോലിയില്‍ നിന്നും അനധികൃതമായി പിരിച്ചുവിട്ടതാണെന്നും പരാതിയില്‍ പറയുന്നു.  ഭര്‍ത്താവിന് കമ്പനി ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. 28 വര്‍ഷമായി താമസിച്ചുവരുന്ന സ്ഥലത്ത് നിന്നും തന്നെ ഒഴിപ്പിച്ചു. 2009ല്‍ ഭര്‍ത്താവ് മരിച്ച താന്‍ വാടകയ്ക്ക് താമസിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
കമ്മീഷന്‍ ഇടുക്കി ജില്ലാ ലേബര്‍ ഓഫിസറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.പരാതിക്കാരിയുടെ ഭര്‍ത്താവ് കാളിയാര്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യവേ വിരമിക്കേണ്ട സമയത്ത് കമ്പനി നല്‍കിയ ഗ്രാറ്റുവിറ്റി വാങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.തുടര്‍ന്ന് മാനേജ്‌മെന്റ് ജില്ലാ ലേബര്‍ ഓഫിസില്‍ തുക കെട്ടിവച്ചു. പിന്നീട് തനിക്ക് വിരമിക്കാന്‍ പ്രായമായില്ലെന്ന വാദവുമായി പാപ്പച്ചന്‍ രംഗത്തെത്തി.
പാപ്പച്ചന്‍ ഹാജരാക്കിയ മാമോദീസ സര്‍ട്ടിഫിക്കറ്റ് കോടതിയുടെ പരിഗണനക്ക് അയച്ചു. ഇതിനെ തുടര്‍ന്ന് 8 മാസത്തെ ശമ്പളമായ 4645 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. തുക മാനേജ്‌മെന്റ് കോടതിയില്‍ കെട്ടിവച്ചെങ്കിലും പരാതിക്കാരന്‍ കൈപ്പറ്റിയില്ല. ഇക്കാരണത്താല്‍ തുക കാളിയാര്‍ എസ്റ്റേറ്റിന് തിരിച്ചയച്ചു. പാപ്പച്ചന്റെ താമസസ്ഥലം ഒഴിപ്പിക്കാന്‍ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നു.
പരാതിക്കാരിക്ക് ഭര്‍ത്താവിന്റെ ആനുകൂല്യമായി ലഭിക്കുന്നത് 4645 രൂപയാണെന്ന് കമ്മീഷന്‍ കണ്ടെത്തി. പണം മാനേജ്‌മെന്റിന്റെ അക്കൗണ്ടിലുള്ളതായി മാനേജ്‌മെന്റ് കമ്മീഷനെ അറിയിച്ചു. ഭര്‍ത്താവിന്റെ അവകാശി താന്‍ മാത്രമാണെന്ന് സമര്‍ഥിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നാണ് ഉത്തരവ്.

RELATED STORIES

Share it
Top