എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് നഗരസഭ ആവശ്യപ്പെടും

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടി രൂപയുടെ സ്‌റ്റേഡിയം കോംപ്ലക്‌സ് പത്തനംതിട്ടയില്‍ തന്നെ സ്ഥാപിക്കുന്നത് സംബന്ധിച്ച് നടപടികളുമായി മുന്നോട്ട് പോകാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തിന് എസ്റ്റിമേറ്റ് എടുക്കുന്നതിന് ഔദ്യോഗികമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് ആവശ്യപ്പെടാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ ഐക്യകണ്‌ഠ്യേന തീരുമാനമെടുത്തു.
കഴിഞ്ഞ 28ന് വീണ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, നഗരസഭ കൗണ്‍സിലര്‍മാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മുന്‍ ചെയര്‍മാന്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഇന്നലെ വിഷയം കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നത്. ഇതിന് പുറമേ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്റെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി നടത്തുന്ന നഗരോല്‍സവം ഏപ്രില്‍ ആദ്യവാരം നടത്തുന്നതിനും തീരുമാനമായി. ഇതിനായി വൈസ് ചെയര്‍മാന്‍ പി കെ ജേക്കബിന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതിക്കും ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി.
പത്തനംതിട്ട നഗരത്തിലെ മാലിന്യം കത്തികുന്നതുമായി ബന്ധപ്പെട്ട വിഷയം ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ കൗണ്‍സിലിന്റെ ശ്ര്ദ്ധയില്‍ കൊണ്ടു വന്നു. നഗരത്തില്‍ കോഴി മാലിന്യമുള്‍പ്പടെ കരാറുകാര്‍ കത്തിക്കുന്നതായും നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും നഗരം ചീഞ്ഞുനാറുന്നതായും വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, ആര്‍ ഹരീഷ് എന്നിവര്‍ ചൂണ്ടിക്കാട്ടി. വിഷയം ഗൗരവതരമെന്നും നേരിട്ടെത്തി പ്രശ്‌നങ്ങള്‍ മനസിലാക്കിയതായും ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അറിയിച്ചു. ജനുവരി 26ന് ആദ്യത്യ ഏജന്‍സിയുമായി ബന്ധപ്പെട്ട കരാര്‍ അവസാനിക്കുമെന്നും ഇവര്‍ തുടരേണ്ടതുേേണ്ടായെന്ന കാര്യം കൂടിയാലോചിച്ച് തീരുമാനം എടുക്കാമെന്നും നഗരസഭാ അധ്യക്ഷ ഉറപ്പു നല്‍കി.
സ്ട്രീറ്റ് ലൈറ്റുകള്‍, ലൈഫ് മിഷന്‍, രൂക്ഷമാവുന്ന കുടിവെള്ള ക്ഷാമം തുടങ്ങിയ വിഷയങ്ങളും അംഗങ്ങള്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി മുരളീധരന്‍, പി കെ അനീഷ്, വി എ ഷാജഹാന്‍, വല്‍സണ്‍ ടി കോശി, സജി കെ സൈമണ്‍, അംബികാ വേണു, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ ജയശങ്കര്‍ സംസാരിച്ചു.

RELATED STORIES

Share it
Top