എസ്ബിടി- എസ്ബിഐ ലയനം: ദുരിതം തീരാതെ ഉപഭോക്താക്കള്‍

മുക്കം: ബാങ്കിംഗ് മേഖലയിലെ പുതിയ പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും ലയിപ്പിച്ചത് ഉപഭോക്താക്കള്‍ക്ക് ദുരിതമാവുന്നു. ലയനം നടന്ന് മാസങ്ങളായങ്കിലും സംസ്ഥാനത്ത് ഒട്ടു മിക്ക ബാങ്കുകളിലും സൗകര്യങ്ങള്‍ ഒന്നും തന്നെ വര്‍ധിപ്പിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ നിരവധി പേര്‍ ആശ്രയിക്കുന്ന മുക്കത്തും സ്ഥിതി വ്യത്യസ്തമല്ല.
ലയനത്തിന് മുമ്പ് എസ്ബിഐയില്‍ 25000 അക്കാണ്ട് ഹോള്‍ഡര്‍മാരുണ്ടായിരുന്നത് ലയന ശേഷം ഇപ്പോള്‍ 45000 ആയി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന 6 കൗണ്ടറുകള്‍ മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇതോടെ ഇടപാടുകാര്‍ ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ഈ അവസ്ഥയില്‍  ഉപഭോക്താക്കളുടെ രോഷപ്രകടനം ജീവനക്കാര്‍ക്ക് നേരെയാണ് ഉണ്ടാവുന്നത്.എന്നാലിവിടെ ജീവനക്കാര്‍ തീര്‍ത്തും നിസ്സഹായരാണ്. പലപ്പോഴും ഇടപാടുകാരുടെ തിരക്ക് കാരണം സെക്യൂരിറ്റി ജിവനക്കാരനും പിടിപ്പത് പണിയാണ്. എസ്ബിഐ മുക്കം ബ്രാഞ്ചില്‍ ആവശ്യമായ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ സംരക്ഷണ സമിതിയും രംഗത്തെത്തി. അംഗ പരിമിതര്‍ക്കുള്‍പ്പെടെ പ്രത്യേക കൗണ്ടര്‍ ഒരുക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. പല ദിവസങ്ങളിലും ഇടപാടുകാര്‍ക്ക് മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റീജിയണല്‍ മാനേജര്‍ക്ക് നല്‍കുന്നതിനായി ഒപ്പുശേഖരണത്തിനും തുടക്കമായി. മുക്കം നഗര സഭ കൗണ്‍സിലര്‍മുക്കം വിജയന്‍ ഉദ്ഘാടനം ചെയ്തു. ജി അജിത്കുമാര്‍, പി സി.രഘുനാഥ്, എ സുബൈര്‍, പി സി സചിത്രന്‍ നേതൃത്വം നല്‍കി

RELATED STORIES

Share it
Top