എസ്ബിഐ നടപടി വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നുവെന്ന് എംപി

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ വായ്പ എടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് രേഖകള്‍ നല്‍കാത്തതു മൂലം  സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച  സാമ്പത്തിക സഹായം  ലഭിക്കാതെ വന്നിരിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ ശൂന്യവേളയില്‍ ചൂണ്ടിക്കാട്ടി.വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുവാന്‍ കഴിയാതെ  സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് എടുത്ത ലോണിന്റെ 40 ശതമാനം തുകയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്  വിദ്യാഭ്യാസ വായ്പയുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ബ്രാഞ്ചുകളെ സമീപിച്ചപ്പോള്‍  നിരുത്തരവാദപരമായ മറുപടികള്‍ നല്‍കി വിദ്യാര്‍ഥികളെ  മടക്കി അയയ്ക്കുകയാണ് ചെയ്യുന്നതെന്നും കൊടിക്കുന്നില്‍  ചൂണ്ടിക്കാട്ടി. ഇതുമൂലം കടക്കെണിയിലായിരിക്കുന്ന  വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന  സംസ്ഥാന സര്‍ക്കാരിന്റെ  സാമ്പത്തിക സഹായം  നഷ്ടപ്പെടുകയാണെന്നും  കൊടിക്കുന്നില്‍ സുരേഷ് എംപി കുറ്റപ്പെടുത്തി.കേരളത്തിലെ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കിയിരുന്ന എസ്ബിടി, എസ്ബിെഎയില്‍ ലയിപ്പിച്ചതിന് ശേഷം ഇടപാടുകാരോടും വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും  നിഷേധാത്മക നിലപാടാണെന്ന് സ്വീകരിക്കുന്നതെന്നും എ ംപി ചൂണ്ടിക്കാട്ടി. എസ്ബിെഎയുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ഥികള്‍ക്ക്  സംസ്ഥാന സര്‍ക്കാരില്‍ നിന്നും  ലഭിക്കുന്ന ആനുകൂല്യം  കിട്ടുന്നതിന് വേണ്ടിയുള്ള രേഖകള്‍ സമയബന്ധിതമായി കിട്ടാന്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ഇടപെടണമെന്നും  കൊടിക്കുന്നില്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top