എസ്ബിഐക്കെതിരേ നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലാത്തതിനാല്‍ നിര്‍ധനരായ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്ന ബാങ്കുകളുടെ നടപടി പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
നോഫ്രില്‍ അക്കൗണ്ടുകളും ജന്‍ധന്‍ അക്കൗണ്ടുകളും വ്യാപകമായി തുടങ്ങിയതുതന്നെ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതില്ല എന്ന വ്യവസ്ഥയിലാണ്. കോടിക്കണക്കിന് സേവിങ്‌സ് അക്കൗണ്ടുകളാണ് പൊതുമേഖലാ ബാങ്കുകള്‍ക്കുള്ളത്. എസ്ബിഐക്ക് മാത്രം 40 കോടിയിലേറെ അക്കൗണ്ടുകളാണുള്ളത്.
കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ എസ്ബിഐ 1771 കോടി രൂപയാണ് മിനിമം ബാലന്‍സില്ലാത്ത സേവിങ്‌സ് അക്കൗണ്ട് ഉടമകളില്‍ നിന്നു പിഴയായി ഈടാക്കിയത്. മറ്റു ബാങ്കുകളും ഇക്കാര്യത്തില്‍ പിന്നിലല്ല.
ഇത്തരത്തില്‍ ഈടാക്കിയ പിഴ ബാങ്കുകള്‍ ലാഭത്തില്‍ കാണിക്കുകയും ചെയ്യുന്നുണ്ട്. 5,000 രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയാത്ത നിര്‍ധനരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും പിഴ ഈടാക്കുന്നത് നീതിക്കു നിരക്കാത്തതാണ്. സബ്‌സിഡി, സ്‌കോളര്‍ഷിപ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നു പോലും പിഴ ഈടാക്കുന്ന ബാങ്കുകളുടെ നടപടി തിരുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top