എസ്പിയും ബിഎസ്പിയും കൈകോര്‍ക്കുമ്പോള്‍

ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ നീക്കം ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സംഘപരിവാരത്തിനെതിരേ കൈകോര്‍ക്കാന്‍ എടുത്ത തീരുമാനമായിരുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തിന് ഒരു ഭീഷണിയായി മാറിയ അന്തരീക്ഷത്തിലാണ് പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ ശക്തമായ പ്രാതിനിധ്യമുള്ള ഈ രണ്ടു പാര്‍ട്ടികളും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അതാണ് മൂന്നു പതിറ്റാണ്ടായി കൈവശം വച്ചുപോന്ന ഗോരഖ്പൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപി തോറ്റമ്പാന്‍ ഇടയാക്കിയതും.
പിന്നാക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യം ഇന്ത്യയിലെ വരേണ്യവിഭാഗങ്ങള്‍ക്കും അവരുടെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയകക്ഷികള്‍ക്കും ശക്തമായ വെല്ലുവിളി തന്നെയാണ്. ഈ സാമൂഹിക വിഭാഗങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും കൊണ്ടാണ് ഇക്കാലമത്രയും സവര്‍ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണകൂടങ്ങളെ നിലനിര്‍ത്താന്‍ അവര്‍ക്കു സാധിച്ചത്. അതിനു വര്‍ഗീയതയും വ്യാജപ്രചാരണങ്ങളും ഹീനമായ മറ്റു തന്ത്രങ്ങളും നിരന്തരമായി അവര്‍ പ്രയോഗിച്ചുവരുന്നു. അതില്‍ വലിയൊരളവുവരെ അവര്‍ വിജയിക്കുന്നുണ്ട് എന്നത് വാസ്തവവുമാണ്.
ഇത്തരത്തിലുള്ള സാമൂഹിക വിഭജനത്തിന്റെ നേട്ടം കൊയ്തത് ബിജെപിയും അവരുടെ ഭരണകൂടങ്ങളുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 31 ശതമാനം വോട്ട് മാത്രം വാങ്ങി ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടിയെടുക്കാന്‍ ബിജെപിക്ക് സഹായകമായത് പ്രതിപക്ഷനിരയിലെ ഭിന്നതകളാണ്. സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തന്നെയാണ് സംഘപരിവാരം ഈ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുത്തത്.
അത്തരം വിഭജനതന്ത്രങ്ങളെ ഫലപ്രദമായി ചെറുക്കാനുള്ള പുതിയ സാധ്യതകളാണ് ഉത്തര്‍പ്രദേശിലെ പുതിയ ഐക്യം തുറന്നുതരുന്നത്. അതു സംഘപരിവാര ശക്തികള്‍ക്കിടയില്‍ കടുത്ത ഭീതി സൃഷ്ടിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് യുപിയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ സ്ഥാനാര്‍ഥിയെ തോല്‍പിക്കുന്നതിനു പണമൊഴുക്കി എംഎല്‍എമാരുടെ വോട്ടുകള്‍ വിലയ്ക്കു വാങ്ങിയത്. എസ്പിയുടെയും ബിഎസ്പിയുടെയും രണ്ട് എംഎല്‍എമാരെ കാലു മാറി വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ആദിത്യനാഥും സംഘവും ചെയ്തത്. അതോടെ അഖിലേഷും മായാവതിയും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാവുമെന്നും അങ്ങനെ പണ്ട് രണ്ട് ആടുകള്‍ തമ്മിലടിച്ചപ്പോള്‍ ചോര നുണഞ്ഞ കുറുനരിയെപ്പോലെ തങ്ങള്‍ക്കും നേട്ടം കൊയ്യാമെന്നുമാണ് സംഘപരിവാരം കണക്കുകൂട്ടിയത്.
എന്നാല്‍, മായാവതിയും അഖിലേഷും അത്തരം കെണിയില്‍ വീഴുകയുണ്ടായില്ല എന്നത് ആശ്വാസപ്രദമാണ്. തങ്ങളുടെ ഐക്യം തുടരുമെന്നാണ് രണ്ടു നേതാക്കളും പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് ഉണ്ടായ തിരിച്ചടി സംഘപരിവാരത്തിന്റെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണെന്ന് മായാവതി തിരിച്ചറിയുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ പിന്നാക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനു സഹായകമായ നീക്കങ്ങളാണിത് എന്നതില്‍ തര്‍ക്കമില്ല.

RELATED STORIES

Share it
Top