എസ്ഡിപിഐ സംസ്ഥാന പ്രതിനിധിസഭ 14,15 തിയ്യതികളില്‍ ആലുവയില്‍

കൊച്ചി: എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയും പുതിയ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഈമാസം 14, 15 തിയ്യതികളില്‍ ആലുവ ശാന്തിഗിരി ആശ്രമം ക്യാംപ് സൈറ്റില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സംസ്ഥാന സമിതി തിരഞ്ഞെടുപ്പും ദേശീയ കൗണ്‍സിലര്‍മാരുടെ തിരഞ്ഞെടുപ്പും പ്രതിനിധി സഭയില്‍ നടക്കും. ഫെബ്രുവരിയില്‍ ആരംഭിച്ച പാര്‍ട്ടി ഘടന തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഇതോടെ പൂര്‍ത്തിയാവുമെന്നും റോയി അറക്കല്‍ പറഞ്ഞു.
പാര്‍ട്ടിപ്രവര്‍ത്തന റിപോര്‍ട്ടും രാഷ്ട്രീയ റിപോര്‍ട്ടും സഭ ചര്‍ച്ച ചെയ്യും. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അരക്ഷിതാവസ്ഥ വര്‍ധിപ്പിച്ചുക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. ഏപ്രില്‍ 16ന് വാട്‌സ്ആപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ലഭിച്ച വന്‍ ജനപിന്തുണ ആര്‍എസ്എസ്-സംഘപരിവാരത്തിനോടുള്ള യുവാക്കളുടെ വികാരത്തിന്റെ തീക്ഷണതയാണ് വെളിവാക്കുന്നതെന്നും റോയി അറക്കല്‍ പറഞ്ഞു.
യുവജന വികാരത്തിനെതിരേ ബിജെപി-ആര്‍എസ്എസില്‍ നിന്നുണ്ടായ പ്രത്യാക്രമണത്തില്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണുണ്ടായത്. ഹര്‍ത്താലിനെതിരേ ബിജെപി ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ക്ക് സിപിഎമ്മും കുട പിടിച്ചു. ഇതിന്റെ അനന്തര ഫലങ്ങളും പ്രതിനിധി സഭ ചര്‍ച്ച ചെയ്യും.
പാര്‍ട്ടിയുടെ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കുകയാണ് സഭയുടെ മറ്റൊരു ലക്ഷ്യം. 14ന് രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സഭ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബൈ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. ആവാദ് ശരീഫ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുമെന്നും റോയി അറക്കല്‍ പറഞ്ഞു.
പ്രതിനിധി സഭയില്‍വച്ച് തിരഞ്ഞെടുക്കുന്ന സംസ്ഥാന പ്രസിഡന്റിനും മറ്റ് ഭാരവാഹികള്‍ക്കും 15ന് രാജേന്ദ്ര മൈതാനത്ത് സ്വീകരണം നല്‍കുമെന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി അറിയിച്ചു. ആലുവ മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്ന് ഉച്ചക്ക് 2.30ന് നൂറ് കണക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നേതാക്കളെ രാജേന്ദ്ര മൈതാനിയിലേക്ക് എത്തിക്കും. വൈകീട്ട് നാലിന് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്നും അദേഹം അറിയിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജില്ലാ കമ്മറ്റിയംഗം വി എം ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top