എസ്ഡിപിഐ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും 30ലേക്കു മാറ്റി

കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ച സാഹചര്യത്തില്‍ പാര്‍ട്ടി ഇന്നു നടത്താനിരുന്ന ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും മാറ്റിവച്ചതായി എസ്ഡിപിഐ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
പൈശാചികതയാണ് ആര്‍എസ്എസ് ബിജെപി-ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ തെരുവിലിറങ്ങുക എന്നപേരില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടി 30ന് കോഴിക്കോട്ട് നടത്തും. പരിപാടി മാറ്റിവയ്ക്കാന്‍ പോലിസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ജനാധിപത്യത്തെയും നിയമസംഹിതകളെയും ആദരിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ചു സംസ്ഥാന ഭാരവാഹികള്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ച് സിറ്റി പോലിസ് കമ്മീഷണര്‍ ഉത്തരവിറക്കിയത്.
ഇന്നലെ വൈകീട്ട് 3 മണി വരെ ഇല്ലാത്ത എന്ത് പ്രത്യേക സാഹചര്യമാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ മാത്രം പിന്നീട് ഉണ്ടായതെന്നു സര്‍ക്കാരും പോലിസും വ്യക്തമാക്കണം. ആര്‍എസ്എസിനെതിരേ പ്രതിഷേധം ഉയരുമ്പോള്‍, പോലിസിന് ഇത്ര അസഹിഷ്ണുത എന്തിനാണെന്നു വിശദീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top